‘പ്രധാനമന്ത്രി’യിൽ കൊത്താതെ ഖർഗെ; നിതീഷിനെ അടക്കിയിരുത്തുക ലക്ഷ്യം
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ‘ഇന്ത്യ’ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇന്നലത്തെ യോഗത്തിൽ കോൺഗ്രസിൽ നിന്നുണ്ടായത്. നേതൃസ്ഥാനം തങ്ങൾക്കുതന്നെയെന്ന അംഗീകാരം ഇഷ്ടപ്പെടുമ്പോഴും നേതാക്കളുടെ ബാഹുല്യമുള്ള മുന്നണിയിൽ ഇപ്പോൾത്തന്നെ നേതാവിനെയും നിശ്ചയിക്കുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്.
വിജയത്തിനുശേഷം മതി നേതാവിനെ തീരുമാനിക്കൽ എന്ന മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവന, തിരഞ്ഞെടുപ്പിനു മുൻപേ തർക്കമാകാൻ കെൽപുള്ള വിഷയത്തെ നിർവീര്യമാക്കി. മുന്നണിക്ക് കൺവീനറെ നിശ്ചയിക്കണമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശിച്ചെങ്കിലും കോൺഗ്രസ് ഉൾപ്പെടെ മറ്റു കക്ഷികളെല്ലാം മൗനം പാലിച്ചു. കൺവീനർ എന്നതു നേതാവെന്നു വ്യാഖ്യാനിക്കപ്പെടുമെന്നതു തന്നെ കാരണം.
നിതീഷ് കുമാറാണു മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാവേണ്ടതെന്നു ജെഡിയു പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇന്നലെ മമത ബാനർജിയും അരവിന്ദ് കേജ്‌രിവാളും ഖർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർദേശിച്ചതു നിതീഷിനെ അടക്കിയിരുത്താനാണെന്നു വ്യക്തം.
ഹിന്ദി രാഷ്ട്രഭാഷയാണെന്ന തെറ്റു പറഞ്ഞതുൾപ്പെടെ യോഗത്തിൽ നിതീഷ് പ്രകടിപ്പിച്ച അസ്വസ്ഥത അതുകൊണ്ടുതന്നെ ശ്രദ്ധേയം. ഹിന്ദിക്ക് ഒൗദ്യോഗിക ഭാഷയെന്ന പദവിയാണുള്ളതെന്ന കാര്യം നിതീഷിന് അറിയാത്തതല്ല.
ദലിത് പ്രധാനമന്ത്രി എന്ന മുഖവുരയോടെയാണു ഖർഗെയുടെ പേരു മമത മുന്നോട്ടുവച്ചത്. അതിലും നിതീഷിനെ നിശബ്ദനാക്കാനുള്ള താൽപര്യം വ്യക്തം. എന്നാൽ, ദലിത് ലേബൽ എടുത്തുപറയാൻ താൽപര്യപ്പെടുന്നയാളല്ല ഖർഗെ. എളിയ കോൺഗ്രസ് പ്രവർത്തകനായ താൻ മറ്റേതെങ്കിലും ലേബലിലല്ല വളർന്നുവന്നിട്ടുള്ളതെന്ന് അദ്ദേഹം ഇന്നലെയും വ്യക്തമാക്കി.