പാർലമെന്റ് ആക്രമണം;ബിജെപി എംപിയുടെ മൊഴിയെടുത്തു
Mail This Article
ന്യൂഡൽഹി ∙ പാർലമെന്റ് പുകയാക്രമണക്കേസിൽ ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്തിയതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
മൈസൂരു എംപിയായ പ്രതാപ് സിംഹ നൽകിയ പാസ് ഉപയോഗിച്ചാണ് പ്രതികൾ പാർലമെന്റിലെത്തിയത്. എന്നിട്ടും എംപിക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. മൊഴിയെടുത്തതിന്റെ കൂടുതൽ വിവരങ്ങൾ മന്ത്രി വെളിപ്പെടുത്തിയില്ല.
കേസിലെ സൂത്രധാരനെന്നു കരുതുന്ന ലളിത് ഝായുടെ കസ്റ്റഡി കാലാവധി ജനുവരി 5 വരെ നീട്ടി.
മറ്റു പ്രതികളായ ഡി.മനോരഞ്ജൻ, സാഗർ ശർമ, അമോൽ ധനരാജ് ഷിൻഡെ, നീലം ദേവി എന്നിവരുടെ കസ്റ്റഡി കഴിഞ്ഞ ദിവസം ജനുവരി 5 വരെ നീട്ടിയിരുന്നു.
നീലം ദേവിക്ക് എഫ്ഐആറിന്റെ പകർപ്പു നൽകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് വീണ്ടും ജനുവരി നാലിന് പരിഗണിക്കും.
പ്രതിപക്ഷ എംപിമാർ സസ്പെൻഷൻ ചോദിച്ചുവാങ്ങി: മന്ത്രി പ്രഹ്ലാദ് ജോഷി
ന്യൂഡൽഹി ∙ പാർലമെന്റ് സമ്മേളനത്തിനിടെ പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യാൻ ബിജെപിക്ക് താൽപര്യമില്ലായിരുന്നുവെന്നും അവർ അതു ചോദിച്ചുവാങ്ങിയതാണെന്നും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ചില എംപിമാരെ സസ്പെൻഡ് ചെയ്തപ്പോൾ തങ്ങളെക്കൂടി സസ്പെൻഡ് ചെയ്യണമെന്ന് മറ്റ് ചില എംപിമാർ തന്നെ സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു.