പ്രധാനമന്ത്രിക്കെതിരായ ‘പോക്കറ്റടിക്കാരൻ’ പരാമർശം; നടപടി 8 ആഴ്ചയ്ക്കുള്ളിൽ വേണമെന്ന് കോടതി
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘പോക്കറ്റടിക്കാരൻ,’ ‘അപശകുനം’ തുടങ്ങിയ പരാമർശങ്ങൾ നല്ല അർഥത്തിലുള്ളതായിരുന്നില്ലെന്നു ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിഷയത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ രാഹുൽ ഗാന്ധിക്കു നൽകിയ നോട്ടിസിൽ 8 ആഴ്ചയ്ക്കുള്ളിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഭരത് നാഗർ നൽകിയ പൊതുതാൽപര്യ ഹർജിയിലാണു കോടതിയുടെ നിർദേശം.
നവംബർ 22നു രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പു റാലികൾക്കിടെയായിരുന്നു പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങൾ. ബിജെപിയുടെ പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ പിറ്റേന്നുതന്നെ നോട്ടിസ് അയച്ചു. 2 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നായിരുന്നു നിർദേശം. വ്യവസായി ഗൗതം അദാനി ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശ്രദ്ധതിരിച്ചു വിടുകയാണെന്നും പോക്കറ്റടിക്കാരുടെ രീതി ഇങ്ങനെയാണെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം. രാഹുൽ ഗാന്ധി നടത്തിയ ‘അപശകുനം’ പരാമർശത്തിലും നടപടി വേണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടു.
വിഷയം തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലുണ്ടെന്നും തീരുമാനം അവർ സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. ‘ഇതെല്ലാം ജനങ്ങൾ കേൾക്കുന്നുണ്ട്. എന്തു ചെയ്യണമെന്ന് അവർക്കറിയാം. ജനങ്ങളിൽ വിശ്വാസമർപ്പിക്കുക. രാഹുലിന്റെ പരാമർശം നല്ല രീതിയിലുള്ളതല്ലെന്നു മാത്രമാണു ഞങ്ങൾക്കു പറയാനുള്ളത്. മാർഗരേഖ തയാറാക്കാൻ കേന്ദ്രസർക്കാരിനു സാധിക്കും.’ കോടതി അഭിപ്രായപ്പെട്ടു.