സസ്പെൻഷനെതിരെ ‘ഇന്ത്യ’ മുന്നണിയുടെ ദേശവ്യാപക പ്രതിഷേധം;കേന്ദ്ര സർക്കാരിന് രൂക്ഷവിമർശനം
Mail This Article
ന്യൂഡൽഹി ∙ പ്രതിപക്ഷ നിരയിലെ 146 എംപിമാരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിക്കെതിരെ 28 പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ മുന്നണി ദേശവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു.
ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ കോൺഗ്രസിൽ നിന്ന് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും അടക്കം പങ്കെടുത്തു. എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ ഡി.രാജ, തുടങ്ങിയവർ ഉൾപ്പെടെ ഇന്ത്യ പാർട്ടി നേതാക്കൾ കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചു.
ബിജെപിക്ക് കീഴിൽ ജനാധിപത്യം കടുത്ത ഭീഷണിയിലാണെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. എല്ലാവരും ഒന്നിച്ചുനിന്നാൽ മോദിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയധികം എംപിമാരെ സസ്പെൻഡ് ചെയ്തതിലൂടെ രാജ്യത്തെ 60% ആളുകളുടെ ശബ്ദമാണ് സർക്കാർ പാർലമെന്റിൽ നിന്ന് പുറത്താക്കിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടതിനാണ് എംപിമാരെ സസ്പെൻഡ് ചെയ്തതെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്ത്യ മുന്നണി പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി.