കാർത്തി ഇ.ഡിക്ക് മുന്നിൽ ഹാജരായി; തേജസ്വി യാദവ് അഞ്ചിനെത്തണം
Mail This Article
പട്ന/ ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നിൽ ഹാജരായി. ചൈനീസ് കമ്പനിക്ക് അനർഹമായി വീസ ലഭ്യമാക്കാൻ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ജനുവരി അഞ്ചിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ഇ.ഡി. നോട്ടിസ് നൽകി. തേജസ്വിക്കു വിദേശ യാത്രയ്ക്കു കോടതി അനുമതി നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇ.ഡി. നോട്ടിസ് നൽകിയത്.
ജനുവരി 6 മുതൽ 18 വരെ ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ സന്ദർശനത്തിനാണു സിബിഐ കോടതി അനുമതി നൽകിയത്. 22നു ഹാജരാകാൻ നേരത്തേ നോട്ടിസ് നൽകിയിരുന്നെങ്കിലും തേജസ്വി എത്തിയിരുന്നില്ല. 2011 ൽ പഞ്ചാബിലെ മാൻസ ജില്ലയിൽ തൽവാന്ദി സാബോ ഊർജ പദ്ധതിയുടെ നിർമാണത്തിനായി 263 ചൈനക്കാർക്ക് വീസ ലഭ്യമാക്കാൻ അനർഹമായി ഇടപെട്ടുവെന്നാണു കാർത്തിക്കെതിരായ കേസ്.