ബ്രിജ്ഭൂഷണെ തൊടില്ല, ഗുസ്തിക്കാരെ പിണക്കില്ല; കരുതലോടെ കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ ആറു മാസത്തിനിടെ രണ്ടാം തവണയും ഗുസ്തിതാരങ്ങളുടെ നിലപാടിനൊപ്പം നിന്നു കേന്ദ്രസർക്കാർ ദേശീയ റെസ്‌ലിങ് ഫെഡറേഷനെതിരെ നടപടിയെടുത്തത് പ്രതിഷേധത്തിന്റെ രാഷ്ട്രീയമാനങ്ങൾ കണ്ടറിഞ്ഞാണെന്നു വ്യക്തം.
ജൂണിൽ ആദ്യഘട്ട സമരത്തിനിടെ താരങ്ങൾ മെഡൽ ഗംഗയിലൊഴുക്കാൻ തീരുമാനമെടുത്തപ്പോഴും സർക്കാർ ഇടപെട്ട് ഫെഡറേഷനെതിരെ നടപടിയെടുത്തിരുന്നു. ഇപ്പോഴത്തെ നടപടി സാങ്കേതിക കാരണങ്ങൾ പറഞ്ഞാണെങ്കിലും അതിനപ്പുറത്തു രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി പരിഗണിക്കപ്പെട്ടു. ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കുമ്പോൾത്തന്നെയാണു ഗുസ്തിതാരങ്ങളെ പിണക്കാതിരിക്കാനുള്ള നടപടിയുമെടുക്കുന്നത്.
ബ്രിജ് ഭൂഷൺ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇന്നു കൂടിക്കാഴ്ചയ്ക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ വിളിപ്പിച്ചതായി അറിയുന്നു.
യുപിയിലെ കൈസർ ഗഞ്ച് എംപിയായ ബ്രിജ്ഭൂഷൺ സംസ്ഥാനത്തെ 5 ലോക്സഭാ മണ്ഡലങ്ങളിൽ രാഷ്ട്രീയഗതി നിയന്ത്രിക്കാൻ കെൽപുള്ളയാളാണെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു. 6 തവണ എംപിയായ അദ്ദേഹം ഗോണ്ട, കൈസർഗഞ്ച്, ബൽറാംപുർ, ബഹ്റൈച്, ഡൊമരിയാഗഞ്ച് എന്നീ മണ്ഡലങ്ങളിൽ സ്വാധീനമുള്ളയാളാണ്. ഗോണ്ട മേഖലയിൽ 25ൽ ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ബ്രിജ്ഭൂഷണ്.
ബ്രിജ്ഭൂഷണെതിരെ പീഡനക്കേസ് ചാർജ് ചെയ്തിട്ടും അറസ്റ്റോ പാർട്ടിതല അച്ചടക്ക നടപടികൾ പോലുമോ ഉണ്ടായിട്ടില്ല. സാക്ഷി മാലിക് ബൂട്ടഴിച്ചതും ബജ്‌രംഗ് പുനിയ പത്മശ്രീ തിരിച്ചു നൽകിയതിനും പിന്നാലെ കൂടുതൽ കായിക താരങ്ങൾ ഈ പാത പിന്തുടരുമെന്നു പറഞ്ഞിരുന്നു.
സാക്ഷിയും ബജ്‌രംഗും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കണ്ടും ചർച്ച നടത്തിയിരുന്നു. ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയതും ജാട്ട് സമുദായത്തിൽ നിന്നുള്ള താരങ്ങളാണ്.
അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഹരിയാനയിൽ 28% വരുന്ന ജാട്ട് സമുദായത്തിന് ഉത്തര ഹരിയാന ഒഴികെയുള്ളയിടങ്ങളിൽ നിർണായക സ്വാധീനമുണ്ട്. ഇതും കരുതലോടെയുള്ള സമീപനമെടുക്കുന്നതിൽ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചുവെന്നാണു സൂചന. സഖ്യകക്ഷിയായ ജെജെപിയും ഈ വിഷയത്തിൽ ഗുസ്തിക്കാർക്കൊപ്പമാണ്.