ഗുജറാത്ത് തീരത്ത് എണ്ണക്കപ്പൽ ആക്രമിച്ചു; തീപടർന്നെങ്കിലും ആളപായമില്ല, കപ്പലിൽ 21 ഇന്ത്യക്കാർ
Mail This Article
ന്യൂഡൽഹി ∙ സൗദിയിൽനിന്നു ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്കു വരികയായിരുന്ന കപ്പലിനു നേരെ ഗുജറാത്ത് തീരത്ത് അറബിക്കടലിൽ ഡ്രോൺ ആക്രമണം. ഇസ്രയേൽ ബന്ധമുള്ള കപ്പലിനുനേരെ, ഗുജറാത്തിലെ വെരാവൽ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ ദൂരെവച്ച് ഇന്നലെ രാവിലെ 10 നു ശേഷമാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ കപ്പലിന്റെ പിൻഭാഗത്തു സ്ഫോടനമുണ്ടായി. റോപ് ലോക്കറിൽ തീപടർന്നു. കപ്പലിൽ ചെറിയ തോതിൽ വെള്ളം കയറി. ജീവനക്കാർ സുരക്ഷിതരാണെന്നു കോസ്റ്റ് ഗാർഡ് അറിയിച്ചു. 22 ജീവനക്കാരിൽ 21 പേരും ഇന്ത്യക്കാരാണ്. വഴിതിരിച്ചുവിട്ട കപ്പൽ ഇന്നു രാവിലെ മുംബൈ തുറമുഖത്തെത്തും. ലൈബീരിയൻ കപ്പലായ എംവി കെം പ്ലൂട്ടോയാണ് ആക്രമിക്കപ്പെട്ടത്. അപായ സന്ദേശം ലഭിച്ചതിനു പിന്നാലെ നാവികസേനയുടെ നിരീക്ഷണവിമാനം കപ്പലിനു സമീപമെത്തി.
ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ ഐസിജിഎസ് വിക്രവും നാവികസേനയുടെ യുദ്ധക്കപ്പലും സംഭവസ്ഥലത്തെത്തി. സമീപമേഖലയിലൂടെ പോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് സംഭവം റിപ്പോർട്ട് ചെയ്ത ബ്രിട്ടിഷ് മാരിടൈം ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) മുന്നറിയിപ്പ് നൽകി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഇന്ത്യൻതീരത്തുനിന്ന് യുഎസിലേക്കുള്ള 2 ചരക്കുകപ്പലുകൾ ചെങ്കടൽ ഒഴിവാക്കി ആഫ്രിക്കൻ മുനമ്പിലൂടെ തിരിച്ചുവിട്ടു. കഴിഞ്ഞ 2 മാസത്തിനിടെ ചെങ്കടലിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലുകൾക്കുനേരെ ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികളുടെ ഡ്രോൺ ആക്രമണം വർധിച്ചിട്ടുണ്ട്.
ഗാസയിലെ ഇസ്രയേൽ ആക്രമണം നിർത്തും വരെ കപ്പലുകൾ ആക്രമിക്കുമെന്നാണു ഹൂതികളുടെ പ്രഖ്യാപനം. ഇതോടെ പ്രധാന വ്യാപാരപാതയായ ചെങ്കടലിലൂടെയുള്ള യാത്ര പല ചരക്കുകപ്പലുകളും ഒഴിവാക്കാൻ തുടങ്ങിയിട്ടുണ്ട്. ചെങ്കടലിൽനിന്ന് മാറി ആദ്യമായാണ് ഇത്തരമൊരു ആക്രമണമുണ്ടാകുന്നത്.
ചെങ്കടലിലെ ഹൂതി ആക്രമണം മൂലം ഇന്ത്യൻ സമുദ്രത്തിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കും തിരിച്ചും ചരക്കുകളുമായി നീങ്ങുന്ന കപ്പലുകളുടെ പ്രധാനമാർഗമാണ് ഭീഷണിയിലായത്. വർഷം പതിനേഴായിരത്തിലധികം കപ്പലുകൾ നീങ്ങുന്ന ഈ സമുദ്രപാതയിലൂടെയാണു ലോകവ്യാപാരത്തിന്റെ 12%. ചെങ്കടലിലെ ആക്രമണത്തെത്തുടർന്ന് വൻകിട കമ്പനികൾ കപ്പലുകൾ ആഫ്രിക്കൻ വൻകര ചുറ്റിയാണ് അയയ്ക്കുന്നത്. ഈ റൂട്ടിൽ സഞ്ചരിക്കാൻ 9 ദിവസം കൂടുതൽ വേണം.