ബാങ്ക് വിളിക്കുമ്പോൾ വെടിയേറ്റു മരിച്ചു
Mail This Article
ശ്രീനഗർ ∙ പള്ളിയിൽ പ്രഭാത നമസ്കാരത്തിനു ബാങ്ക് വിളിക്കുന്നതിനിടെ മുൻ പൊലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികൾ വെടിവച്ചുകൊന്നു. ജമ്മു കശ്മീർ പൊലീസ് മുൻ സീനിയർ സൂപ്രണ്ട് മുഹമ്മദ് ഷാഫി മിർ (72) ആണു കൊല്ലപ്പെട്ടത്. ബാരാമുള്ള ജില്ലയിലെ ഗണ്ട്മുള്ളയിൽ ഞായർ പുലർച്ചെയാണു സംഭവം. 2012ൽ പൊലീസിൽനിന്നു വിരമിച്ച ഷാഫി പിന്നീടു പള്ളിയിൽ ബാങ്ക് വിളിക്കുന്ന ജോലി ചെയ്തുവരികയായിരുന്ന. ഭാര്യയും 3 മക്കളുമുണ്ട്.
‘ബാങ്കിലെ ‘അശ്ഹദു അന്ന മുഹമ്മദു റസൂലുല്ലാഹ്’ (തീർച്ചയായും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന വചനം പറഞ്ഞയുടനെ അദ്ദേഹത്തിന്റെ ശബ്ദം നിലച്ചു. റഹ്മ (കരുണ) എന്നൊരു നിലവിളി ശബ്ദവും കേട്ടു’– ഷാഫിയുടെ ബന്ധു മുഹമ്മദ് മുസ്തഫ മാധ്യമങ്ങളോടു പറഞ്ഞു. മുൻമുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവർ ഉൾപ്പെടെ വിവിധ നേതാക്കൾ സംഭവത്തിൽ അനുശോചിച്ചു.