ഗുസ്തിക്കു സമയമില്ലെന്ന് ബ്രിജ്ഭൂഷൺ ശരൺസിങ്; അറിഞ്ഞിട്ടു പറയാമെന്ന് സാക്ഷി മാലിക്
Mail This Article
ന്യൂഡൽഹി ∙ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ് പ്രസിഡന്റായ സമിതി ഈമാസം 21നാണു തിരഞ്ഞെടുക്കപ്പെട്ടത്.
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്റെ നിയന്ത്രണത്തിൽ തന്നെ ഫെഡറേഷൻ തുടരുന്നതിൽ പ്രതിഷേധിച്ച് പ്രമുഖ താരം സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്‌രംഗ് പുനിയ പത്മശ്രീ തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. സമിതിയിലെ 15 അംഗങ്ങളിൽ 13 പേരും ബ്രിജ്ഭൂഷണിന്റെ അനുയായികളാണ്.
കൂടുതൽ താരങ്ങൾ പ്രതിഷേധ മാർഗം സ്വീകരിക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണു കേന്ദ്ര നടപടി. അതേസമയം, ചട്ടലംഘനങ്ങളാണു നടപടിക്കുള്ള കാരണമായി മന്ത്രാലയം സൂചിപ്പിക്കുന്നത്. ബ്രിജ് ഭൂഷണിന്റെ നാടായ യുപിയിലെ ഗോണ്ട നന്ദിനി നഗറിൽ ഈമാസം 28 മുതൽ 30 വരെ ദേശീയ അണ്ടർ 15, അണ്ടർ 20 ഗുസ്തി ചാംപ്യൻഷിപ്പുകൾ നടത്താൻ തിരക്കിട്ടാണു തീരുമാനിച്ചതെന്നും കളിക്കാർക്കു മതിയായ സമയം അനുവദിച്ചില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. നിർവാഹകസമിതിയെ അറിയിച്ചിരുന്നതുമില്ല. ചാംപ്യൻഷിപ്പ് നടത്താനുള്ള തീരുമാനം അറിഞ്ഞില്ലെന്ന് എതിർപാനലിൽനിന്നു വിജയിച്ച പുതിയ ജനറൽ സെക്രട്ടറി പ്രേംചന്ദ് ലോച്ചാബ് പ്രസിഡന്റിനു കത്തെഴുതിയിരുന്നു. മാത്രമല്ല, ബ്രിജ്ഭൂഷണിന്റെ ഔദ്യോഗിക വസതിയിൽത്തന്നെയാണ് ഫെഡറേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നത്.
ഗുസ്തിക്ക് സമയമില്ല: ബ്രിജ്ഭൂഷൺ
ലോക്സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ മറ്റു തിരക്കുകൾ ഉള്ളതിനാൽ താൻ ഗുസ്തിരംഗം വിടുകയാണെന്ന് ബ്രിജ്ഭൂഷൺ ശരൺ സിങ്. ഭരണസമിതിയെ കേന്ദ്രം പിരിച്ചുവിട്ടശേഷം ബ്രിജ്ഭൂഷൺ ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി.നഡ്ഡയെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതികരണം.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ് തന്റെ ബന്ധുവൊന്നുമല്ലെന്നു ബ്രിജ്ഭൂഷൺ പറഞ്ഞു.
അറിഞ്ഞിട്ടു പറയാം
രേഖാമൂലം ഒന്നും അറിഞ്ഞിട്ടില്ല. ഇനി രൂപീകരിക്കുന്ന സമിതിയെക്കുറിച്ചുകൂടി അറിഞ്ഞശേഷം എന്റെ തീരുമാനം പറയാം.–സാക്ഷി മാലിക്