ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ;അഭിപ്രായസർവേ ഫലം
Mail This Article
ന്യൂഡൽഹി ∙ ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പു നടന്നാൽ നരേന്ദ്രമോദി സർക്കാർ 295–335 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്ന് എബിപി ന്യൂസ്–സീ വോട്ടർ അഭിപ്രായ വോട്ടെടുപ്പു ഫലം സൂചിപ്പിക്കുന്നു. രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുമായി 13,115 പേരുടെ അഭിപ്രായം ശേഖരിച്ചു നടത്തിയ സർവേയിലാണ് ഈ ഫലം.
‘ഇന്ത്യ’ മുന്നണിക്ക് 165–205 സീറ്റുകൾ ലഭിച്ചേക്കാം. ദക്ഷിണേന്ത്യയിൽ ‘ഇന്ത്യ’ ശക്തമാണെങ്കിലും മറ്റു മേഖലകളിൽ ബിജെപിക്ക് ഒപ്പമെത്തില്ല. എന്നാൽ ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ‘ഇന്ത്യ’യ്ക്കു മുൻതൂക്കമുണ്ട്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ബിജെപി 22–24 സീറ്റുകൾ നേടിയേക്കും. കോൺഗ്രസിന് 4–6 സീറ്റുകളേ ലഭിക്കൂ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനത്തിൽ 47.2% ആളുകളും തൃപ്തരാണ്. 30.2% പേർ ഒരു പരിധിവരെ തൃപ്തരും 21.3% പേർ അതൃപ്തരുമാണ്.
അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗം പേരും 2024 തിരഞ്ഞെടുപ്പു വരെ ‘ഇന്ത്യ’ മുന്നണി നിലനിൽക്കുമെന്നു കരുതുന്നില്ല.
യുട്യൂബ്: മോദിക്ക് 2 കോടി വരിക്കാർ
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത യുട്യൂബ് ചാനലിനു 2 കോടി വരിക്കാർ. ലോകനേതാക്കളിൽ കൂടുതൽ വരിക്കാരുള്ള ചാനൽ മോദിയുടേതാണ്. ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ ആണു രണ്ടാം സ്ഥാനത്ത്– 64 ലക്ഷം. മോദിയുടെ ചാനലിനു 450 കോടി വിഡിയോ വ്യൂ ഉണ്ട്.