അയോധ്യ ശ്രീരാമക്ഷേത്രം സ്വയംപര്യാപ്തം: ചമ്പത് റായ്
Mail This Article
ന്യൂഡൽഹി ∙ അയോധ്യയിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ശ്രീരാമക്ഷേത്രം ആവശ്യമായ സൗകര്യങ്ങളുടെ കാര്യത്തിൽ സുസജ്ജവും സ്വയംപര്യാപ്തമായിരിക്കുമെന്ന് (ആത്മനിർഭരം) ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. അയോധ്യയിലെ കുബേർ തിലയിൽ ജഡായു പ്രതിമ സ്ഥാപിച്ചെന്നും റായ് അറിയിച്ചു.
മലിനജലം സംസ്കരിക്കാനുള്ള 2 പ്ലാന്റുകളും ഒരു ശുദ്ധജല സംസ്കരണ പ്ലാന്റും ക്ഷേത്രസമുച്ചയത്തിലുണ്ടാകും. 70 ഏക്കറിൽ 70 ശതമാനവും ഹരിതമേഖലയായിരിക്കും. ക്ഷേത്രത്തിൽ അഗ്നിശമനസേനയുടെ ഒരു സ്റ്റേഷൻ സ്ഥാപിക്കും, ഇവർക്കാവശ്യമുള്ള ജലം ക്ഷേത്രസമുച്ചയത്തിൽ തന്നെയുള്ള ഭൂഗർഭ സംഭരണിയിൽ നിന്നാകും. പ്രത്യേക പവർ ഹൗസുമുണ്ടാകും.
പ്രായം ചെന്നവർക്കും ഭിന്നശേഷിക്കാർക്കുമായി ലിഫ്റ്റ്, റാംപ് സൗകര്യങ്ങളും ഇവിടെയുണ്ടാകും.
ജനുവരി 22നാണ് ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ഈ മാസം 30ന് മോദി അയോധ്യയിൽ റോഡ്ഷോ നടത്തും. പ്രതിഷ്ഠാദിനം രാജ്യമെങ്ങും ആഘോഷിക്കാനാണ് ആർഎസ്എസ് തീരുമാനിച്ചിരിക്കുന്നത്.