ഗുസ്തി ഫെഡറേഷന് താൽക്കാലിക ഭരണസമിതി
Mail This Article
ന്യൂഡൽഹി ∙ ദേശീയ ഗുസ്തി ഫെഡറേഷന്റെ ചുമതലകൾ നിർവഹിക്കാൻ 3 അംഗ അഡ്ഹോക് സമിതിയെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) നിയമിച്ചു. വുഷു ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ഭൂപീന്ദർ സിങ് ബജ്‌വ അധ്യക്ഷനായ സമിതിയിൽ ഹോക്കി ഒളിംപ്യൻ എം.എം.സോമയ, മുൻ രാജ്യാന്തര ബാഡ്മിന്റൻ താരം മഞ്ജുഷ കൻവർ എന്നിവരാണ് അംഗങ്ങൾ. ഐഒഎ പ്രസിഡന്റ് പി.ടി.ഉഷയാണ് സമിതിയെ പ്രഖ്യാപിച്ചത്.
കഴിഞ്ഞയാഴ്ച തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചതിനു കേന്ദ്രസർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ നോക്കുന്നതിനു പുറമേ രാജ്യാന്തര മത്സരങ്ങൾക്കുള്ള എൻട്രികൾ സമർപ്പിക്കുന്നതടക്കമുള്ള ചുമതലകളും താൽക്കാലിക സമിതിക്കുണ്ടാകും.
ഗുസ്തിഫെഡറേഷനുമായുള്ള താരങ്ങളുടെ ‘ഗുസ്തി’ തുടരുന്നതിനിടെ ഹരിയാനയിലെ അഖാഡയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ സന്ദർശനം ശ്രദ്ധേയമായി. ജാജറിൽ ഒളിംപ്യൻ ബജ്റംഗ് പുനിയ അടക്കമുള്ളവർ പരിശീലിക്കുന്ന വീരേന്ദർ അഖാഡയിലെത്തിയ രാഹുൽ, പുനിയയുടെയും മറ്റു താരങ്ങളുടെയും കൂടെ പരിശീലനത്തിൽ പങ്കു ചേർന്നു. തുടർന്ന് അവർക്കൊപ്പം പ്രാതൽ കഴിച്ചു. സമീപത്തെ പാടങ്ങളിൽ വിളഞ്ഞ പച്ചക്കറികൾ അവർ രാഹുലിനു നൽകി.
കഴിഞ്ഞ ദിവസം സാക്ഷി മാലിക്കും ബജ്റംഗ് പുനിയയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. ഗുസ്തിതാരങ്ങളുടെ സമരത്തിനു പിന്നിൽ കോൺഗ്രസാണെന്ന് നേരത്തേ ബിജെപി ആരോപിച്ചിരുന്നു.