അയോധ്യയിലെ ചടങ്ങ് മതപരം, രാഷ്ട്രീയവൽക്കരിക്കുന്നതിനോട് യോജിപ്പില്ല: കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നു കോൺഗ്രസ് വിമർശിച്ചു. ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന വിമർശനങ്ങൾക്കിടെയാണ്, ബിജെപിയുടെ കെണിയിൽ വീഴാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നു ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചത്.
മതപരമായ ചടങ്ങാണ് അയോധ്യയിലേതെന്നും അതിനെ രാഷ്ട്രീയവൽക്കരിക്കാനുള്ള ബിജെപിയുടെ നീക്കത്തോട് യോജിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും വേണുഗോപാൽ പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കണോ എന്നതിൽ കോൺഗ്രസിനു വ്യക്തമായ അഭിപ്രായമുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടിക്കും അവരുടേതായ നിലപാടുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസിനു മേൽ ഒരു സമ്മർദവുമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ജനുവരി 22നു നടക്കുന്ന ചടങ്ങിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. ക്ഷണത്തോട് ഇന്ത്യ മുണണിയിലെ പാർട്ടികൾ നിലപാട് വ്യക്തമാക്കിയെങ്കിലും കോൺഗ്രസ് പ്രതികരിക്കാത്തതു ചർച്ചയായിരുന്നു. പ്രതിപക്ഷ പാർട്ടികൾ വ്യത്യസ്ത നിലപാടുകൾ വ്യക്തതമാക്കിയതോടെ ആശയക്കുഴപ്പം ശക്തമാകുകയും ചെയ്തു.
തൃണമൂൽ കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഎം തുടങ്ങിയ കക്ഷികൾ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ, സമാജ്‍വാദി പാർട്ടി, ശിവസേന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി. കോൺഗ്രസ് എടുക്കുന്ന ഏതു നിലപാടും തീരുമാനവും തങ്ങൾക്ക് രാഷ്ട്രീയ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഇതിനിടെ, കോൺഗ്രസിലെ തന്നെ നേതാക്കൾ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തി. ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമമെന്ന് ശശി തരൂർ എംപി ചൂണ്ടിക്കാട്ടി. വ്യക്തികൾക്കാണ് ക്ഷണമെന്നും തീരുമാനവും വ്യക്തിപരമായി വേണമെന്നും നിർദേശിച്ച തരൂർ, രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുന്നത് ആരെയും ഹൈന്ദവ വിരുദ്ധരാക്കുന്നില്ലെന്നും പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കണമെന്ന നിലപാടാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും പ്രവർത്തക സമിതി അംഗവുമായ ദിഗ്‍വിജയ് സിങ് പങ്കുവച്ചത്.