ഡിജിയാത്ര ഉപയോഗിക്കാം, ഡിജിലോക്കർ ഇല്ലെങ്കിലും
Mail This Article
ന്യൂഡൽഹി ∙ വിമാനത്താവളങ്ങളിലെ സുഗമമായ പ്രവേശനത്തിനുള്ള ‘ഡിജിയാത്ര’ സേവനം ഡിജിലോക്കർ അക്കൗണ്ട് ഇല്ലാതെയും ഇനി ഉപയോഗിക്കാം. ഇതുവരെ ഡിജിയാത്ര സേവനത്തിന് ഡിജിലോക്കർ അക്കൗണ്ട് തുടങ്ങുകയോ അല്ലെങ്കിൽ xml ഫോർമാറ്റിലുള്ള ഓഫ്‌ലൈൻ ആധാർ നൽകുകയോ ചെയ്യണമായിരുന്നു. എന്നാൽ, ഇനി ‘ആധാർ ഡയറക്ട്’ എന്ന ഓപ്ഷനിലൂടെ ആധാർ നമ്പറും ഫോണിലെത്തുന്ന ഒടിപിയും മാത്രം നൽകിയാൽ മതി. രക്ഷാകർത്താക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഡിജിലോക്കർ അക്കൗണ്ട് ഇല്ലെങ്കിൽ റജിസ്ട്രേഷൻ ഇതുവരെ എളുപ്പമായിരുന്നില്ല.
കൊച്ചി, ഡൽഹി, ചെന്നൈ, മുംബൈ, ജയ്പുർ, ലക്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, മംഗളൂരു, ബെംഗളൂരു, വാരാണസി, വിജയവാഡ, കൊൽക്കത്ത, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിൽ ഡിജിയാത്ര സേവനം ലഭ്യമാണ്.
എങ്ങനെ
∙ ഡിജിയാത്ര ആപ് ഇൻസ്റ്റാൾ ചെയ്യുക അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുക.
∙ Identity credential തുറന്ന് + ചിഹ്നത്തിൽ ടാപ് ചെയ്ത് Continue with Direct AADHAAR തുറക്കുക. ആധാർ നമ്പറും തുടർന്നു വരുന്ന ഒടിപിയും നൽകുക. സെൽഫി ചിത്രം അപ്‌ലോഡ് ചെയ്ത് റജിസ്ട്രേഷൻ പൂർത്തിയാക്കാം.
∙ ഹോം പേജിലെ Identity credential തുറക്കുക. നിങ്ങളുടെ പേരും ചിത്രവും കാണാം; ഒപ്പം Guardian എന്ന ലേബലും.
∙ കുട്ടി ഒപ്പം യാത്ര ചെയ്യുന്നുണ്ടെങ്കിൽ താഴെയുള്ള Add other credentials തുറന്ന് കുട്ടിയുടെ ആധാർ നമ്പർ നൽകി റജിസ്റ്റർ ചെയ്യുക. കുട്ടിയുടെ ആധാർ ഏതെങ്കിലും മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഫോൺ ഇല്ലാത്ത 18 വയസ്സിൽ താഴെയുള്ളവരുടെ ആധാർ സാധാരണ രക്ഷാകർത്താക്കളുടെ നമ്പറിലാണു ബന്ധിപ്പിക്കാറുള്ളത്. തുടർന്ന് നിങ്ങളുടെയും കുട്ടിയുടെയും ബോർഡിങ് പാസ് ബന്ധിപ്പിക്കുക.