ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റുകൾ: തീരുമാനം 2 ദിവസത്തിനകം
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തും കോൺഗ്രസ് എത്ര സീറ്റുകളിൽ വീതം മത്സരിക്കണം എന്ന കാര്യത്തിൽ ദേശീയ നേതൃത്വം 2 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. ശേഷം അടുത്തയാഴ്ചയോടെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുമായി സീറ്റ് ചർച്ചകൾക്കു തുടക്കമിടും.
മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം സംബന്ധിച്ചു കോൺഗ്രസിനുള്ളിൽ ധാരണയുണ്ടാക്കാനായി പാർട്ടിയുടെ നാഷനൽ അലയൻസ് കമ്മിറ്റി കൂടിയാലോചന തുടങ്ങി. ഓരോ സംസ്ഥാനത്തെയും അധ്യക്ഷന്മാരെയും എഐസിസി ചുമതലയുള്ളവരെയും പ്രത്യേകം കണ്ടാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്. മഹാരാഷ്ട്രയിലെ സാഹചര്യം വിശദീകരിക്കാൻ പിസിസി അധ്യക്ഷൻ നാനാ പഠോളെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹി രമേശ് ചെന്നിത്തലയും സമിതിയുമായി ചർച്ച നടത്തി.
മറ്റ് സംസ്ഥാനങ്ങളുടെ കൂടി പൂർത്തിയാക്കി മുകുൾ വാസ്നിക്, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് നൽകും. പ്രകടനപത്രിക തയാറാക്കാൻ പി. ചിദംബരം അധ്യക്ഷനായുള്ള സമിതി അടുത്ത 4ന് യോഗം ചേരും.