50 ലക്ഷം പുതിയ വോട്ടർമാരുമായി നേരിട്ട് സംവദിക്കാൻ പ്രധാനമന്ത്രി
Mail This Article
കൊച്ചി∙ രാജ്യത്തെ 50 ലക്ഷം പുതിയ വോട്ടർമാരുമായി നേരിട്ടു സംവദിക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22ന് അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനു ശേഷം 24നു രാജ്യത്തെ ഓരോ നിയമസഭാ മണ്ഡലത്തിലെയും ആയിരം വീതം പുതിയ വോട്ടർമാരുമായി ഓൺലൈനായാണു പ്രധാനമന്ത്രി സംവദിക്കുക. ഒരേസമയത്ത് 5000 മണ്ഡലങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പ്രധാനമന്ത്രി ഓൺലൈൻ പ്രസംഗം നടത്തും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഒപ്പമുണ്ടാകും. 25നു ദേശീയ സമ്മതിദായക ദിനത്തിനു തൊട്ടു തലേന്നാണു പുതിയ വോട്ടർമാരുമായുള്ള പ്രധാനമന്ത്രിയുടെ സംവാദം.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിൽ നഡ്ഡ തന്നെയാണു പദ്ധതിയെക്കുറിച്ച് ആദ്യം പറഞ്ഞത്. ഓരോ സംസ്ഥാനത്തും സമ്മേളനങ്ങൾ സംഘടിപ്പിക്കാനുള്ള ചുമതല ദേശീയ ഭാരവാഹികളെ ഏൽപിച്ചു. തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലെ ഏകോപനച്ചുമതല ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കൂടുതൽ ശക്തിയുള്ള മണ്ഡലങ്ങളിലും ഒന്നിലേറെ സമ്മേളനങ്ങളുണ്ടാകും. കേരളത്തിൽ 140 മണ്ഡലങ്ങളിൽ 150 വേദികളിൽ സമ്മേളനങ്ങൾ നടക്കും.