ADVERTISEMENT

സൂര്യനെ ഭൂമി ഒരിക്കൽ വലംവച്ചതിനു ശേഷം 2023 അവസാനിക്കുകയാണ്. ഈ പ്രദക്ഷിണത്തിനിടെ കഴിഞ്ഞ വർഷം സൂര്യനേക്കാൾ മുന്നിട്ടു നിന്നത് ചന്ദ്രനായിരുന്നു. 23 ഓഗസ്റ്റ് 2023 ൽ ചന്ദ്രയാൻ-3 ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രന്റെ ധ്രുവപ്രദേശത്ത് ‘കാലെടുത്ത്’ വച്ചപ്പോൾ അതൊരു ചരിത്രനിമിഷമായിരുന്നു. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം എന്നതിലുപരിയായി ഒരു വലിയ തലമുറ കുട്ടികൾക്ക് ശാസ്ത്രത്തിൽ അഭിരുചി ഉളവാക്കുന്നതിൽ, 1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്നിക്-1 പോലെ, ചന്ദ്രയാൻ-3 വഴി തെളിക്കും. ഇത്ര ദുഷ്കരവും കൃത്യത ആവശ്യപ്പെടുന്നതും വിരലിലെണ്ണാവുന്ന വികസിതരാജ്യങ്ങൾക്കുമാത്രം സാധ്യമായിട്ടുള്ളതുമായ ദൗത്യം വിജയകരമായി പൂർത്തിയാക്കി എന്നത് സ്റ്റാർട്ട് അപ്പ് തുടങ്ങി വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാർക്കു നൽകാവുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല.

മാൻസിലസ്, സിമ്പെലിയസ് എന്നീ ചാന്ദ്രഗർത്തങ്ങൾക്കിടയിൽ, ദൂരത്ത് കിടക്കുന്ന ഭൂമിയിൽനിന്നു നിയന്ത്രിച്ച് വിക്രം ലാൻഡറിനെ കൃത്യമായി ഇറക്കാനുള്ള സാങ്കേതികവിദ്യയുള്ള ഇന്ത്യയിൽത്തന്നെ ഒഡീഷയിലെ ബാലസോർ ജില്ലയിൽ 3 തീവണ്ടികൾ കൂട്ടിയിടിച്ചു വലിയ ദുരന്തം സംഭവിച്ചു. നേർക്കുനേർ തീവണ്ടികൾ സഞ്ചരിക്കാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമുള്ള സാങ്കേതികവിദ്യയ്ക്ക് നൂറ്റാണ്ടിന്റെ തന്നെ പഴക്കമുണ്ട്. 

balasore-train-accident

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും ആൾനാശമുണ്ടാക്കിയ ഈ അപകടം ഇന്ത്യ എന്ന വൈരുദ്ധ്യത്തെക്കുറിച്ച് ഒന്നുകൂടി ഓർമിപ്പിക്കുന്നു: ഒരുവശത്ത് ഏറ്റവും ആധുനികമായ ശാസ്ത്രത്തിൽ പുലർത്തുന്ന മികവ്, മറുവശത്ത് പഴയ സാങ്കേതികവിദ്യപോലും പ്രയോഗിക്കുന്നതിൽ വരുന്ന കൈപ്പിഴവ്.  

2023 ൽ തെളിയുന്ന മറ്റൊരു ചിത്രത്തിന് അത്ര തെളിച്ചം പോരാ. അത് പ്രസിദ്ധികരണയോഗ്യമാക്കാൻ മനഃപൂർവം മങ്ങൽ എൽപിച്ചതാണ്. പറയുന്നത് മണിപ്പുരിൽ പൊതുനിരത്തിൽക്കൂടി നടത്തിച്ച 2 സ്ത്രീകളെക്കുറിച്ചാണ്. കഴിഞ്ഞ വർഷം മനസ്സിൽ പൊള്ളലേൽപിച്ച ചിത്രം. മാസങ്ങളായി മണിപ്പുരിൽ 2 വിഭാഗങ്ങൾ ഏറ്റുമുട്ടുന്നു. നൂറുകണക്കിനുപേർ കൊല്ലപ്പെടുന്നു; ആരാധനാലയങ്ങൾക്കു തീയിടുന്നു. 2023 അവസാനം മണിപ്പുരിൽ നിന്നു മറ്റൊരു ഹൃദയഭേദകമായ ചിത്രം പുറത്തുവന്നു: കൂട്ടമായി അനാഥശവങ്ങൾ അടക്കം ചെയ്യുന്ന ചിത്രം. ഇന്ത്യയുടെ ഉള്ളിലാണിതെല്ലാം നടക്കുന്നതെങ്കിലും കേന്ദ്രസർക്കാർ പ്രകടമായ മൗനം പാലിക്കുന്നതായി നാം കാണുന്നു.  

manipur

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെയും അതെല്ലാം കൂടി ഇന്ത്യ എന്ന രാജ്യമായി രൂപപ്പെടുന്നതിന്റെയും ബ്ലൂപ്രിന്റ് തയാറാക്കിയിട്ടുള്ളത് ഇന്ത്യയുടെ ഭരണഘടനയിലാണ്. ജമ്മു-കശ്മീരിനു പ്രത്യേകപദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370–ാം അനുഛേദം റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടി ശരിവച്ച സുപ്രീം കോടതി വിധി അസ്വസ്ഥജനകമായിരുന്നു. 370–ാം അനുഛേദം എടുത്തു കളഞ്ഞതല്ലായിരുന്നു പ്രശ്നം; ആ വിധിയിൽ പറഞ്ഞ മറ്റുകാര്യങ്ങൾ ഇന്ത്യ എന്ന ആശയത്തെ തന്നെ ബാധിക്കുന്നു. നിരാശപ്പെടുത്തിയ ഈ വിധിന്യായത്തിൽ സുപ്രീം കോടതി തന്നെ വീണ്ടുവിചാരം ചെയ്യുമെന്ന് ആശിക്കാം.  

2023 ൽ കേരളം നൽകിയ വലിയ ആഹ്ലാദം ഏറെ ശ്രദ്ധിക്കാത്ത ഒരു പത്രവാർത്തയായിരുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ എന്നീ സംഘടനകളുടെ സഹകരണത്തോടെ വീബോക്സ് എന്ന നൈപുണ്യവിലയിരുത്തൽ സ്ഥാപനം പുറത്തു വിട്ട റിപ്പോർട്ട്. അതിൽ പറയുന്നത് ഇന്ത്യയിൽ തൊഴിൽ ചെയ്യാൻ പറ്റിയ സംസ്ഥാനങ്ങളിൽ ഏറ്റവും സ്വീകാര്യമായിട്ടുള്ള സംസ്ഥാനം കേരളമാണ്. 

ജോലിക്കു നിയോഗിക്കാൻ പറ്റിയ 18-21 വയസ്സുള്ളവരുടെ സംഖ്യയിൽ കേരളത്തിന്റെ സ്ഥാനം രണ്ടാമതാണ്. കംപ്യൂട്ടർ പ്രാവീണ്യം നേടിയവരിലും ഇംഗ്ലിഷ് അറിയാവുന്നവരുടെ കൂട്ടത്തിലും കേരളം മൂന്നാം സ്ഥാനത്തു നിൽക്കുന്നു. മാത്രമല്ല, നഗരങ്ങളുടെ കാര്യത്തിൽ സ്ത്രീ ജോലിക്കാർക്ക് ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട നഗരം കൊച്ചിയാണ്. കംപ്യൂട്ടർ പ്രാവീണ്യം ഉള്ളവർ ലഭ്യമാകുന്ന നഗരങ്ങളിൽ ഒന്നാംസ്ഥാനം തിരുവനന്തപുരത്തിനും. ഈ കണ്ടെത്തലുകൾ മുൻധാരണകൾ അനുസരിച്ചായിരുന്നില്ല. 

മറ്റു പല കാര്യങ്ങളിലും മുൻപന്തിയിലാണെങ്കിലും ജീവിതനിലവാരം അളക്കുന്ന പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ കേരളത്തിന് 11–ാം സ്ഥാനമേയുള്ളൂ. വൻകിട വ്യവസായങ്ങൾ ഉള്ള കർണാടക, തെലങ്കാന, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും പിന്നിലാണു കേരളം. ഇവിടെ തൊഴിലെടുക്കാൻ പറ്റിയ സ്ഥലമാണെന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ കരുതുന്നത് ആഹ്ലാദം നൽകുന്നു. ‘ദ് കേരള സ്റ്റോറി’ തുടങ്ങി പല രീതികളിലും കേരളത്തിന്റെ ഇമേജ് ആക്രമിക്കപ്പെട്ട 2023 ൽ തന്നെയാണ് ഈ ഫലങ്ങൾ പുറത്തുവരുന്നത്.

മലയാളസിനിമയിൽ 2023 മമ്മൂട്ടിയുടെ വർഷം. ബോക്സ് ഓഫിസ് രുചികളെ അവഗണിച്ച് വ്യത്യസ്തമായ റോളുകളിൽ അദ്ദേഹം അഭിനയിക്കുകയും സിനിമ നിർമിക്കുകയും ചെയ്തു. ‘നൻപകൽ നേരത്ത് മയക്കം’, ‘കാതൽ’ എന്നീ ചലച്ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ അഭിനയം കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ളവരുടെവരെ ശ്രദ്ധ നേടി. 

മലയാളസാഹിത്യം കണ്ട വേറിട്ട കാഴ്ച മലയാളികൾ കൂട്ടമായി കൊണ്ടാടിയ എം.ടി.വാസുദേവൻനായരുടെ നവതിയാണ്. മലയാളസാഹിത്യത്തിൽ ദിശാവ്യതിയാനം കൊണ്ടുവന്ന എം.ടി.,  തിരക്കഥാകൃത്ത്, പത്രാധിപർ, സംവിധായകൻ എന്നീ മേഖലകളിലും അപൂർവശോഭയോടെ തിളങ്ങി. അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ മലയാളി സ്വയം ആദരിക്കപ്പെടുകയായിരുന്നു. മറ്റൊരു ഭാഷയിലും ഒരു എഴുത്തുകാരന്റെ പിറന്നാൾ ഇത്ര ആഘോഷമാക്കിയതായി കേട്ടിട്ടില്ല.  

ഡോ. എം.എസ്.സ്വാമിനാഥൻ 2023 സെപ്റ്റംബറിൽ വിടവാങ്ങി. ഡോ. വർഗീസ് കുര്യനെപ്പോലെ അദ്ദേഹവും ലക്ഷക്കണക്കിനു ജീവിതങ്ങളെ സ്പർശിച്ച മലയാളിയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ 3 ദശകങ്ങളിൽ ഇന്ത്യയിലെ പെരുകുന്ന ജനസംഖ്യയെ പോറ്റാനുള്ള ഭക്ഷ്യധാന്യങ്ങൾ ഇവിടെ വിളയിച്ചിരുന്നില്ല. ഇതിനു നാടകീയമാറ്റം വരുത്തിയത് ഹരിതവിപ്ലവം എന്നറിയപ്പെടുന്ന, അമിതോൽപാദനശേഷിയുള്ള വിത്തുകളും വളവും ഉപയോഗിച്ചുകൊണ്ട് കൃഷിരീതികളിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളാണ്. ഭക്ഷ്യരംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം 20–ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയകഥകളിലൊന്നാണ്. ആ ഹരിതവിപ്ലവത്തിന്റെ പിതാവായിരുന്നു ഡോ. സ്വാമിനാഥൻ.        

പല ദൃശ്യങ്ങൾ സമ്മാനിച്ചുകൊണ്ടാണ് 2023 കടന്നുപോകുന്നത്. അതിൽ ഒരെണ്ണം മനസ്സിൽ വടുകെട്ടികിടക്കുന്നു; ഒരു കാർട്ടൂൺ. സന്ദീപ് അധ്‌വാര്യു ക്രിസ്‌മസ്കാലത്ത് വരച്ച ഈ കാർട്ടൂണിൽ സാന്താക്ലോസ് പതിവുപോലെ കുട്ടികൾക്കായുള്ള സമ്മാനങ്ങൾ നിറച്ച ഭാണ്ഡവുമായി എത്തുന്നു; എന്നാൽ മുറിയിൽ പാവകൾ മാത്രം. അതിലൊരെണ്ണം, ഒരു ടെഡി ബെയർ, സാന്തായോട് ചോദിക്കുന്നു: “ഞങ്ങൾക്ക് കുറച്ച് കുട്ടികളെ സമ്മാനം തരുമോ?’’ ഗാസയിൽ ഇസ്രയേൽ സേന കൊന്നൊടുക്കിയ കുട്ടികളുടെ എന്നെന്നേക്കുമായുള്ള നിശ്ശബ്ദതയാണ് 2023 ൽ നിന്ന് മുഴങ്ങുന്ന ഏറ്റവും ഉറക്കെയുള്ള ശബ്ദം.

israel-attack-in-gaza

∙ സാന്താക്ലോസ് പതിവുപോലെ കുട്ടികൾക്കായുള്ള സമ്മാനങ്ങൾ നിറച്ച ഭാണ്ഡവുമായി എത്തുന്നു; എന്നാൽ മുറിയിൽ പാവകൾ മാത്രം. അതിലൊരെണ്ണം, ഒരു ടെഡി ബെയർ, സാന്തായോട് ചോദിക്കുന്നു: ‘‘ഞങ്ങൾക്ക് കുറച്ച് കുട്ടികളെ സമ്മാനം തരുമോ?’’ – 2023 ലെ ഗാസയെ ഓർമിപ്പിക്കുന്നൂ, ആ പാവയുടെ ചോദ്യം

English Summary:

Year the moon shined over than sun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com