ഐഎഎസിനും 'പ്രിയ';ജോലിക്കിടെ പൊള്ളലേറ്റ തമിഴ്‌നാട് അഗ്നിരക്ഷാ സേനയിലെ ആദ്യ വനിതാ ഓഫിസർക്ക് ഐഎഎസ്
Mail This Article
ചെന്നൈ ∙ സർക്കാർ ഫയലുകൾ സുരക്ഷിതമാക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റു മരണത്തെ മുഖാമുഖം കണ്ട അഗ്നിരക്ഷാസേനാ ഓഫിസർ പ്രിയ രവിചന്ദറിന് (48) ഐഎഎസ് നൽകാനുള്ള തമിഴ്നാടിന്റെ ശുപാർശയ്ക്കു കേന്ദ്ര അംഗീകാരം. ആദ്യമായാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ഐഎഎസ് പദവി ലഭിക്കുന്നത്. തമിഴ്‌നാട് അഗ്നിരക്ഷാസേനയിലെ ആദ്യ വനിത കൂടിയാണ് പ്രിയ.
ഗ്രൂപ്പ് 1 പരീക്ഷയിലൂടെ 2003ൽ തിരഞ്ഞെടുക്കപ്പെട്ട പ്രിയ അമ്മയായ ശേഷം രണ്ടാം മാസത്തിൽ കഠിന പരിശീലനം പൂർത്തിയാക്കിയാണ് ജോലിയിൽ പ്രവേശിച്ചത്. യുകെയിൽനിന്നു വിദഗ്ധ പരിശീലനവും നേടിയിട്ടുണ്ട്.
ചെപ്പോക്കിലെ സർക്കാർ കെട്ടിടമായ ഏഴിലകത്ത് 2012ൽ തീപിടിത്തം നിയന്ത്രിക്കാൻ ശ്രമിച്ച സംഘത്തെ നയിക്കുന്നതിനിടെ മേൽക്കൂര തകർന്നു വീണാണ് ഗുരുതരമായി പൊള്ളലേറ്റത്. 45 ശതമാനത്തോളം പൊള്ളലേറ്റ പ്രിയയെ അന്നത്തെ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അതേ വർഷം മികവിനുള്ള സംസ്ഥാന മെഡലും 2013ൽ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു.