ശർമിള ഉറപ്പിച്ചു:കോൺഗ്രസിലേക്ക്;ഇന്നു ഡൽഹിയിലെത്തും,പാർട്ടിയിൽ ചേരുന്നത് നാളെ
Mail This Article
ന്യൂഡൽഹി ∙ തെലങ്കാനയിലെ തകർപ്പൻ വിജയത്തിനു പിന്നാലെ ആന്ധ്രപ്രദേശിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിൽ ചേരാൻ വൈ.എസ്.ശർമിള (50) തീരുമാനിച്ചു. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഇളയ മകളായ ശർമിള, 2021ൽ തെലങ്കാനയിൽ സ്വന്തം പാർട്ടിയുണ്ടാക്കിയിരുന്നു. ഇതു കോൺഗ്രസിൽ ലയിപ്പിച്ച് ആന്ധ്രയിൽ കേന്ദ്രീകരിക്കാനാണു തീരുമാനം. ഫലത്തിൽ, ആന്ധ്ര മുഖ്യമന്ത്രിയും സഹോദരനുമായ ജഗൻ മോഹൻ റെഡ്ഡിയുമായി ശർമിളയുടെ നേർക്കുനേർ പോരാട്ടമാകും ഇനി.
ഇന്നു ഡൽഹിയിലെത്തുന്ന ശർമിള, നാളെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുമെന്നാണ് വിവരം. ശർമിളയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി പദവി ലഭിച്ചേക്കുമെന്നാണ് സൂചന. ശർമിളയുടെ പാർട്ടിയിലെ തെലങ്കാന നേതാക്കൾക്കും ഭാരവാഹിത്വം നൽകും.
ഈ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. തെലങ്കാനയിൽ ടിഡിപി വിട്ടെത്തി പിസിസി അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതേ മാതൃകയിൽ ശർമിളയെ പിസിസി അധ്യക്ഷയാക്കുമെന്നും അഭ്യൂഹമുണ്ട്.
വൈഎസ്ആറിന്റെ മരണശേഷം കോൺഗ്രസുമായി പിണങ്ങി ജഗൻ രൂപീകരിച്ച വൈഎസ്ആർ കോൺഗ്രസിൽ കൺവീനറായിരുന്നു ശർമിള. സഹോദരനുമായുണ്ടായ അസ്വാരസ്യത്തെത്തുടർന്നു പിന്നീട് സ്വന്തം പാർട്ടിയുണ്ടാക്കി.
മോദി വിളിച്ചിട്ടും പോകാതെ
ജഗൻ ജയിലിൽ കിടന്നപ്പോൾ മുന്നിൽ നിന്നു നയിച്ചു, തിരിച്ചുവന്നപ്പോൾ മൗനത്തിലേക്കു മാറി– അതായിരുന്നു ആന്ധ്രയിൽ വൈ.എസ്.ശർമിളയുടെ രാഷ്ട്രീയ രീതി. വൈഎസ് ആർ കുടുംബത്തിൽനിന്നു താൻ മാത്രം മതിയെന്നു ജഗൻ മോഹൻ റെഡ്ഡി ശഠിച്ചതാണു കാരണമെന്ന് ആന്ധ്രരാഷ്ട്രീയത്തിൽ സംസാരമുണ്ട്; ശർമിളയും അമ്മ വിജയമ്മയും ഏറെനാൾ അതനുസരിച്ചെന്നും. മൗനം അവസാനിപ്പിച്ചിറങ്ങിയപ്പോഴും സഹോദരനെതിരെ യുദ്ധം വേണ്ടന്നുറപ്പിച്ചാണു ശർമിള തെലങ്കാനയിലേക്കു മാറിയതും അവിടെ പാർട്ടി രൂപീകരിച്ചതും. നരേന്ദ്ര മോദി ഫോണിൽ വിളിച്ചിട്ടും അവർ കോൺഗ്രസിനൊപ്പം നിൽക്കാൻ ആഗ്രഹിച്ചു. രേവന്ത് റെഡ്ഡിയുടെ കീഴിൽ ശക്തിപ്പെട്ട തെലങ്കാനയിലെ കോൺഗ്രസിൽ ഇടം കിട്ടിയില്ല. എന്നിട്ടും മുഖം കറുപ്പിക്കാതെ, ഹൈക്കമാൻഡ് പറഞ്ഞതു പ്രകാരം സഹോദരനെതിരെ നേർക്കുനേർ ഇറങ്ങുകയാണ്.