ആയുഷ് ഡോക്ടർമാർക്ക് മാർഗരേഖ; മുങ്ങിനടന്നാൽ സസ്പെൻഷൻ, പിഴ
Mail This Article
ന്യൂഡൽഹി ∙ ആയുർവേദ– ഹോമിയോപ്പതി മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും ജോലിക്കെത്താതെ മുങ്ങിനടക്കുന്ന ആയുഷ് ഡോക്ടർമാരെ 2 വർഷം സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥ. ആയുഷ് (ആയുർവേദം, സിദ്ധ, യൂനാനി, ഹോമിയോപ്പതി) മെഡിക്കൽ കോളജുകളിലും ആശുപത്രിയിലും നേരിട്ട് ഹാജരാകേണ്ടവരാണെങ്കിലും വിട്ടുനിൽക്കുന്നവർക്കാണ് ഇതു ബാധകമാകുക. മുങ്ങിനടക്കുന്നവരുടെ പേര് അന്വേഷണ സമിതി മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിങ് ബോർഡിന് നൽകണമെന്നും 2 മുതൽ 5 വർഷം വരെ കാലയളവിൽ ഇവരെ സസ്പെൻഡ് ചെയ്യാമെന്നും വ്യവസ്ഥയുണ്ട്. 5 ലക്ഷം രൂപ വരെ പിഴയും ചുമത്താം. തെറ്റ് ആവർത്തിച്ചാൽ സംസ്ഥാന, ദേശീയ റജിസ്ട്രികളിൽ നിന്നു പേരു നീക്കാനും എത്തിക്സ് ആൻഡ് റജിസ്ട്രേഷൻസ് റഗുലേഷൻസിൽ വ്യവസ്ഥയുണ്ട്.
അലോപ്പതി ഡോക്ടർമാരുടേതു പോലെ നാഷനൽ എക്സിറ്റ് എക്സാം (നെക്സ്റ്റ്) ആയുഷ് ഡോക്ടർമാർക്കും വരും. ഇതു പാസായാലേ ഇന്ത്യയിൽ റജിസ്റ്റർ ചെയ്യാൻ കഴിയൂ. മരുന്ന് കുറിപ്പടികൾ വ്യക്തമായി േഖപ്പെടുത്തണമെന്നതുൾപ്പെടെ വ്യവസ്ഥകളുമുണ്ട്.
∙ മോശമായി പെരുമാറുന്ന ഡോക്ടർമാർക്ക് ആദ്യ അവസരമെന്ന നിലയിൽ മുന്നറിയിപ്പോ 3 മാസം വരെ സസ്പെൻഷനോ ആയിരിക്കും ശിക്ഷ. ആവർത്തിച്ചാൽ നടപടി കടുക്കും.
∙ വലിയ ബോർഡുകൾ സ്ഥാപിച്ചു പരസ്യം നൽകുന്നതും നടപടിക്കു കാരണമാകും.
∙ രോഗികളെ ആകർഷിക്കാൻ ഡോക്ടർമാർ ഇടനിലക്കാരെ ഉപയോഗിക്കുന്നതും കുറ്റകരമാകും. ചികിത്സാവിധിയിൽ ഇല്ലാത്ത ചികിത്സയോ യോഗ്യത നേടാതെ ശസ്ത്രക്രിയയോ നടത്തുന്നതും ശിക്ഷാർഹമാണ്.
∙ ആയുഷ് ഡോക്ടർമാർ ഓരോ 5 വർഷം കൂടുമ്പോഴും റജിസ്ട്രേഷൻ പുതുക്കണം. ഓരോ 5 വർഷത്തിനിടയിലും ബ്രിജ് കോഴ്സുകളും മറ്റും വഴി 50 ക്രെഡിറ്റ് പോയിന്റുകൾ നേടിയിട്ടില്ലെങ്കിൽ റജിസ്ട്രേഷൻ പുതുക്കാനാകില്ല.
∙ 2 സംസ്ഥാനങ്ങളിലെ റജിസ്റ്ററുകളിൽ ഒരേ സമയം പേരു ചേർക്കാനാകില്ല. 10 വർഷം വരെ മറ്റൊരു സംസ്ഥാനത്ത് താൽക്കാലിക റജിസ്ട്രേഷൻ സൂക്ഷിക്കാം; ഓരോ വർഷവും ഇതു പുതുക്കണം.