ബിഹാറിലെ ജാതി സർവേ പൂർണവിവരം നൽകാത്തതിൽ സുപ്രീം കോടതിക്ക് ആശങ്ക
Mail This Article
ന്യൂഡൽഹി ∙ ജാതി സർവേ വിവരങ്ങൾ സമ്പൂർണമായി പ്രസിദ്ധീകരിക്കാത്ത ബിഹാർ സർക്കാർ നടപടിയിൽ സുപ്രീം കോടതി ആശങ്ക അറിയിച്ചു. ഇത് ഒട്ടേറെ പ്രശ്നങ്ങൾക്കു കാരണമാകാമെന്നു വിലയിരുത്തിയ കോടതി, എന്തുകൊണ്ടാണു സമ്പൂർണ ഡേറ്റ പരസ്യമാക്കാത്തത് എന്ന ചോദ്യമുന്നയിച്ചു. സർവേയിലെ ഏതെങ്കിലും പ്രത്യേക കണ്ടെത്തലാണ് ഒരാൾക്കു ചോദ്യംചെയ്യേണ്ടതെങ്കിലും ഇതിനു പൂർണ ഡേറ്റ ലഭ്യമായിരിക്കണമെന്നു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
സർവേയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുന്നതു തടയണമെന്ന ആവശ്യം ഇന്നലെ ഹർജിക്കാർ ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയതാണെന്നു പറഞ്ഞ കോടതി, ഹർജി 29നു പരിഗണിക്കാനായി മാറ്റി. ഫലത്തിൽ, സർവേ ഫലത്തിന്റെ അടിസ്ഥാനത്തിൽ ബിഹാർ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കു തടസ്സമില്ല.
സർവേ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നു സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും പൂർണമായും നൽകാത്തതാണു പ്രശ്നമെന്നു കോടതി പ്രതികരിച്ചു. ഏതറ്റംവരെ വിവരങ്ങൾ സർക്കാരിനു തടഞ്ഞുവയ്ക്കാൻ കഴിയുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. സർവേ നടത്തുന്നതു നേരത്തേ ബിഹാർ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ ‘ഏക് സോച് ഏക് പ്രയാസ്’, ‘യൂത്ത് ഫോർ ഇക്വാലിറ്റി’ എന്നീ സംഘടനകളും ഒരു വ്യക്തിയും നൽകിയ പ്രത്യേകാനുമതി ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. സർവേയുടെ പരിഭാഷ കോടതിയിൽ ഹാജരാക്കാൻ തയാറാണെന്നു ഹർജിക്കാർക്കു വേണ്ടി അഭിഭാഷകനായ രാജു രാമചന്ദ്രൻ പറഞ്ഞു.