ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നെന്ന് മുനിസിപ്പാലിറ്റി; ഡൽഹി പൈതൃകപട്ടികയിലുള്ള സുനേഹരിബാഗ് മസ്ജിദ് പൊളിക്കാൻ നീക്കം
Mail This Article
ന്യൂഡൽഹി ∙ മുഗൾ ഭരണകാലത്തു നിർമിച്ച സുനേഹരിബാഗ് മസ്ജിദ് പൊളിക്കാനുള്ള ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ (എൻഡിഎംസി) നീക്കം വിവാദത്തിൽ. മസ്ജിദ് പൊളിക്കുന്നതിനെതിരെ ഇമാം അബ്ദുൽ അസീസ് നൽകിയ ഹർജി തിങ്കളാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കും. വ്യോമസേനാ ആസ്ഥാനത്തിനു സമീപത്തെ റൗണ്ട്എബൗട്ടിലാണ് സുനേഹരിബാഗ് മസ്ജിദ്. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് ഡൽഹി സർക്കാരിന്റെ പൈതൃകപട്ടികയിലുള്ള നിർമിതി പൊളിച്ചുമാറ്റാൻ നീക്കം തുടങ്ങിയത്.
മസ്ജിദ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിൽ പൊതുജനാഭിപ്രായം തേടിയപ്പോൾ 60,000ലേറെ പ്രതികരണങ്ങളാണു ലഭിച്ചത്. ഇവ ഡൽഹി ഹെറിറ്റേജ് കൺസർവേഷൻ കമ്മിറ്റിക്കു കൈമാറും. കമ്മിറ്റിയാണു തീരുമാനമെടുക്കുക. മസ്ജിദ് ഉടൻ പൊളിക്കില്ലെന്നാണ് എൻഡിഎംസി ഹൈക്കോടതിയെ അറിയിച്ചത്.
100 വർഷം മുൻപു ബ്രിട്ടിഷുകാർ ന്യൂഡൽഹി നഗരം സ്ഥാപിച്ചപ്പോൾ പോലും സുനേഹരിബാഗ് അടക്കം 3 ആരാധനാലയങ്ങൾ പൊളിച്ചുനീക്കാതെ സംരക്ഷിച്ചിരുന്നു. നോർത്ത് ബ്ലോക്കിനടുത്തുള്ള റക്കബ്ഗഞ്ച് ഗുരുദ്വാര, കർത്തവ്യപഥിനു സമീപത്തെ സബ്താഗഞ്ച് മസ്ജിദ് എന്നിവയാണു മറ്റുള്ളവ.
ന്യൂഡൽഹി നഗരത്തിലെ 80 ശതമാനത്തോളം കെട്ടിടങ്ങളും എൻഡിഎംസിയുടെ കീഴിലാണ്. കേന്ദ്രജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് എൻഡിഎംസി ചെയർമാൻ. ബിജെപിയുടെ സതീഷ് ഉപാധ്യായ് ആണ് നിലവിൽ വൈസ് ചെയർമാൻ. ഈ സമിതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖി അടക്കമുള്ളവർ അംഗങ്ങളാണ്.