‘രക്തത്തിന് കൈകാര്യച്ചെലവ് മാത്രമേ ഈടാക്കാവൂ’: കേന്ദ്രത്തിന്റെ കർശന നിർദേശം
Mail This Article
ന്യൂഡൽഹി ∙ ആശുപത്രികളിൽ നിന്നും ബ്ലഡ് ബാങ്കുകളിൽനിന്നും രക്തം നൽകുന്നതിന് ഇനി കൈകാര്യ ചെലവ് (പ്രോസസിങ് ഫീസ്) മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നിർദേശിച്ചു. രക്തത്തിനുമേൽ ചുമത്തുന്ന മറ്റെല്ലാ ഫീസുകളും ഡിസിജിഐ റദ്ദാക്കി. ‘രക്തം വിൽക്കാനുള്ളതല്ല’ എന്നാണ് പ്രമാണമെന്നും വ്യക്തമാക്കി
രക്തത്തിനും രക്ത ഘടകങ്ങൾക്കും യൂണിറ്റിന് 250 മുതൽ 1,550 രൂപ വരെ മാത്രമേ ഇനി ഈടാക്കാവൂ. നിലവിൽ ദാനത്തിലൂടെ അല്ലാതെ ലഭിച്ചിരിക്കുന്ന രക്തത്തിനു 3,000 മുതൽ 8,000 രൂപ വരെയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ലഭ്യതക്കുറവുള്ളപ്പോൾ ഇത് കൂടും. അപൂർവ ഗ്രൂപ്പുകൾക്കും വലിയ വിലയാണ് വാങ്ങുന്നത്. പുതുക്കിയ മാർഗനിർദേശങ്ങൾ എല്ലാ ബ്ലഡ് സെന്ററുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡ്രഗ് കൺട്രോളർമാരോടു ഡിസിജിഐ ഉത്തരവിട്ടു.