കാലം മാറി, നാരായണമൂർത്തി ഖേദിക്കുന്നു; ‘‘ഇൻഫോസിസിൽ നിന്ന് ഭാര്യയെ മാറ്റിനിർത്തിയത് തെറ്റ്’’
Mail This Article
ന്യൂഡൽഹി ∙ ഇൻഫോസിസിൽ നിന്ന് കുടുംബാംഗങ്ങളെ മാറ്റിനിർത്തിയത് തെറ്റായിപ്പോയെന്നും അതിൽ താൻ ഖേദിക്കുന്നുവെന്നും എൻ.ആർ. നാരായണ മൂർത്തി പറഞ്ഞു. 1981 ൽ ഭാര്യ സുധ മൂർത്തിയിൽ നിന്ന് കടംവാങ്ങിയ 10,000 രൂപ ഉപയോഗിച്ചാണ് മറ്റ് 5 പേർക്കൊപ്പം നാരായണ മൂർത്തി ഇൻഫോസിസ് സ്ഥാപിച്ചത്. തന്നെക്കാൾ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നിട്ടും ഭാര്യയെ ഉൾപ്പെടുത്താത്തത് ‘ആദർശം തലയ്ക്കുപിടിച്ച’തിനാലാണെന്ന് മൂർത്തി (77) ഒരു ടിവി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
‘‘കുടുംബത്തെ ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ല കോർപറേറ്റ് കീഴ്വഴക്കമെന്നാണ് ഞാൻ കരുതിയത്. എനിക്ക് തെറ്റിപ്പോയി. എന്റേത് തെറ്റായ ആദർശമായിരുന്നു. അന്നത്തെ കാലത്തെ രീതികളാണ് ഞാനും പിന്തുടർന്നത്’’ – രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇൻഫോസിസിൽ 2002 വരെ സിഇഒ ആയിരുന്ന മൂർത്തി പറഞ്ഞു.
മകൻ റോഹൻ മൂർത്തി ഇൻഫോസിസിൽ ചേരണമെന്ന ആവശ്യം ഉന്നയിച്ചാലോ എന്ന ചോദ്യത്തിന് ‘‘എന്നേക്കാൾ കണിശക്കാരനാണ് മകൻ. അങ്ങനെ ഒരിക്കലും ആവശ്യപ്പെടില്ല’’ എന്നായിരുന്നു മൂർത്തിയുടെ മറുപടി. സോറോക്കോ എന്ന ഐടി സ്ഥാപനത്തിന്റെ ഉടമയാണ് റോഹൻ മൂർത്തി (40). ഇൻഫോസിലെ പങ്കാളികളിൽ ഒരാളാണെങ്കിലും 2017 മുതൽ സ്ഥാപനത്തിന്റെ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
മാറ്റി നിർത്തിയപ്പോൾ വിഷമം തോന്നിയെന്നാണ് സുധ മൂർത്തി പറഞ്ഞത്. ‘‘ഭർത്താവിന്റെ നിർദേശം മനസ്സുകൊണ്ട് ഉൾക്കൊള്ളാനായെങ്കിലും ഹൃദയത്തിന് സാധിച്ചില്ല. കുടുംബത്തിന്റെ നന്മയെ കരുതി ഞാൻ ആ തീരുമാനം അംഗീകരിച്ചു. ഞാൻ കൂടി ചേർന്നാൽ സംരംഭത്തിൽ നിന്നു പിന്മാറുമെന്ന് മൂർത്തി പറഞ്ഞു. ഇന്ത്യയിലെ, ഒരു പക്ഷേ ലോകത്തെയും ഏറ്റവും നല്ല നിക്ഷേപകയാണു ഞാൻ. 10,000 രൂപ ശതകോടികളായി മാറി ’’ – സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധ മൂർത്തി പറഞ്ഞു. ടാറ്റ എൻജിനീയറിങ് ആൻഡ് ലോക്കമോട്ടീവ് കമ്പനിയിലെ ആദ്യ വനിതാ എൻജിനീയർ ആയിരുന്നു സുധ മൂർത്തി.