ADVERTISEMENT

ന്യൂഡൽഹി ∙ കടൽക്കൊള്ളക്കാരിൽനിന്നു സുരക്ഷിതമായെന്നു കരുതിയിരുന്ന അറബിക്കടലിന്റെ സൊമാലിയൻ ഭാഗത്തു വീണ്ടും തലയോട്ടിക്കൊടി ഉയരുകയാണോ? ഏതാനും ആഴ്ചകളായി ആ പ്രദേശത്തു നടന്ന കപ്പൽ റാഞ്ചൽ ശ്രമങ്ങൾ ഉയർത്തുന്ന ചോദ്യമാണിത്.

ലൈബിരിയൻ കൊടി പറത്തിയ കപ്പലാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെന്നു സംശയിക്കപ്പെടുന്ന സംഘം തട്ടിയെടുത്തത്. ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ കപ്പലും ജീവനക്കാരും രക്ഷപ്പെട്ടെങ്കിലും വീണ്ടും സൊമാലിയൻ കടലിൽ കൊള്ളശ്രമങ്ങൾ നടക്കുന്നതു നാവികസേനകൾക്കു തലവേദനയായി.

രക്ഷകരായി ഇന്ത്യൻ നേവി

മൂന്നാഴ്ച മുൻപ് മാൾട്ടയുടെ കൊടി പറത്തിയിരുന്ന എം.വി.റൂവൻ എന്ന കപ്പലും സൊമാലിയൻ കൊള്ളക്കാർ റാഞ്ചിയിരുന്നു. അന്നും ഇന്ത്യൻ നേവിയാണ് ആദ്യം സഹായത്തിനെത്തിയത്. അതിന് ഏതാനും ദിവസം മുൻപ് ഇറാൻ പിന്തുണയുള്ള ഹൂതികൾ ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ള ഒരു കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.

1990 കളിൽ ആരംഭിച്ച സൊമാലിയൻ കടൽക്കൊള്ളകൾ വിവിധ നാവികപ്പടകളുടെ സംയുക്ത ശ്രമങ്ങളെത്തുടർന്ന് 2013 ഓടെ കുറഞ്ഞുതുടങ്ങിയിരുന്നു. 2013 ൽ 9 കപ്പലുകൾ മാത്രമേ ആക്രമിക്കപ്പെട്ടുള്ളൂ. ഒരു റാഞ്ചൽപോലും നടന്നില്ല. തുടർന്ന് ആ സമുദ്രപ്രദേശം ‘അത്യപകടകരമല്ല’ എന്ന് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചു.

ഇസ്രയേലിലേക്കു പോവുകയോ അവിടെനിന്നു പുറപ്പെടുകയോ ചെയ്യുന്ന ചരക്കുകപ്പലുകളെ ചെങ്കടലിലും സമീപപ്രദേശങ്ങളിലും ഹൂതികൾ ആക്രമിക്കുന്നുണ്ട്. എന്നാൽ, തങ്ങൾക്കു റാഞ്ചൽശേഷിയുണ്ടെന്ന് അറിയിക്കാൻ വേണ്ടിമാത്രം ചെയ്ത ഏതാനും ‘വിഡിയോ റാഞ്ചൽ’ ഒഴികെ അവർ അത്തരം ശ്രമങ്ങളൊന്നും നടത്തിയതായി തെളിവില്ല. ഡ്രോണുകളും റോക്കറ്റുകളും അയച്ചു കപ്പലുകൾ തകർക്കുന്ന തന്ത്രമാണ് അവർ സ്വീകരിച്ചുപോരുന്നത്.

നാവികസേന അയഞ്ഞു; കൊള്ളക്കാർ ഉണർന്നു

കടൽക്കൊള്ള കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ വിവിധ നാവികസേനകൾ പിൻവലിഞ്ഞുതുടങ്ങിയതാണ് കൊള്ള വീണ്ടും സജീവമാകാൻ ഒരു കാരണം. മീൻപിടിത്ത ബോട്ടുകളെ ആക്രമിക്കുന്നതിലേക്കു മാറിയ കൊള്ളക്കാർ എപ്പോൾ വേണമെങ്കിലും കപ്പലാക്രമണത്തിലേക്കു തിരിച്ചുവരാമെന്ന് ചൈനീസ് നാവികസേന മുന്നറിയിപ്പു നൽകിയിരുന്നു.

നാവികസേനകളുടെ പരസ്പര സഹകരണം കുറഞ്ഞതും കാരണമായി. കടൽക്കൊള്ള മൂർധന്യത്തിലെത്തിയ കാലത്ത് യുഎസ്, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, ഇന്ത്യ തുടങ്ങി വിവിധചേരികളിൽ നിൽക്കുന്ന രാജ്യങ്ങളെല്ലാം സംയുക്തമായല്ലെങ്കിലും പരസ്പരസഹകരണത്തോടെ കടൽക്കൊള്ളയ്ക്കെതിരെ നടപടിയെടുത്തിരുന്നു. 

റഷ്യ– യുക്രെയ്ൻ യുദ്ധവും ഇപ്പോൾ ഇസ്രയേൽ– ഹമാസ് യുദ്ധവും ആരംഭിച്ചതോടെ ഈ സഹകരണം കുറഞ്ഞു. മാത്രമല്ല, യുദ്ധങ്ങളിൽ നേരിട്ടോ അല്ലാതെയോ പങ്കാളികളായ രാജ്യങ്ങൾക്കു മാറ്റാവശ്യങ്ങൾക്കായി പടക്കപ്പലുകൾ പിൻവലിക്കേണ്ടിവന്നു. സൊമാലിയൻ കടൽപ്രദേശം അത്യപകടകരമല്ലെന്നു പ്രഖ്യാപിക്കുന്നതിൽ ഐക്യരാഷ്ട്രസംഘടന അൽപം തിടുക്കം കാട്ടിയോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

English Summary:

Pirates active in Somalian seas as navy withdrew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com