സൂര്യതേജസ്സായി നിഗർ ഷാജി; ഇന്ത്യയുടെ അഭിമാനമായ ആദിത്യ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ
Mail This Article
ചെന്നൈ ∙ സൂര്യനെക്കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തിയതോടെ നിഗർ ഷാജിയെന്ന (59) വനിതയുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിനും സൂര്യതേജസ്സ്. സെപ്റ്റംബറിൽ ഭൂമിയുടെ ഒരു കോണിൽനിന്നു സൂര്യനെ ലക്ഷ്യമാക്കി പുറപ്പെട്ട ആദിത്യ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറാണ് തമിഴ്നാട് സ്വദേശിയായ നിഗർ ഷാജി.
1987 ൽ ഐഎസ്ആർഒ സാറ്റലൈറ്റ് സെന്ററിന്റെ ഭാഗമായി. ഇന്ത്യൻ റിമോട്ട് സെൻസിങ്, കമ്യൂണിക്കേഷൻ, ഇന്റർപ്ലാനറ്ററി സാറ്റലൈറ്റ് പ്രോഗ്രാമുകളിൽ പ്രവർത്തിച്ചു.
നാഷനൽ റിസോഴ്സ് മോണിറ്ററിങ്ങിനും മാനേജ്മെന്റിനുമുള്ള ഇന്ത്യൻ റിമോട്ട് സെൻസിങ് സാറ്റലൈറ്റായ റിസോഴ്‌സ്‌സാറ്റ്-2എയുടെ അസോഷ്യേറ്റ് പ്രോജക്ട് ഡയറക്ടറായിരുന്നു. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിഇയും ബിറ്റ്സ് റാഞ്ചിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഐഎസ്ആർഒയുടെ ബെംഗളൂരുവിലെ സാറ്റലൈറ്റ് ടെലിമെട്രി സെന്റർ മുൻ മേധാവിയാണ്.
ചെങ്കോട്ട സ്വദേശികളായ ഷെയ്ഖ് മീരാൻ- സെയ്ദുൻ ബീവി ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. ഭർത്താവ് ഷാജഹാൻ ദുബായിൽ എൻജിനീയർ. മകൻ മുഹമ്മദ് താരിഖ് നെതർലൻഡ്സിൽ ശാസ്ത്രജ്ഞനാണ്. മകൾ ഡോ. തസ്നീം മംഗളൂരുവിൽ ഉപരിപഠനം നടത്തുന്നു.
ചെങ്കോട്ട ഗവ. അരിയനല്ലൂർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച നിഗർ ആറാം ക്ലാസ് മുതൽ 12 വരെ ചെങ്കോട്ട എസ്ആർഎം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണു പഠിച്ചത്.
∙ 'നൊബേൽ സമ്മാന ജേതാവ് മേരി ക്യൂറിയുടെ നേട്ടങ്ങളിൽ ആകൃഷ്ടയായാണ് ഐഎസ്ആർഒയിലെ ജോലി തിരഞ്ഞെടുത്തത്. ഐഎസ്ആർഒയിൽ കഴിവാണു പ്രധാനം. 9 വർഷമായി ഞങ്ങൾ വിശ്രമമില്ലാതെ പ്രയത്നിച്ചതിന്റെ ഫലമാണ് ആദിത്യയുടെ വിജയം'. - നിഗർ ഷാജി