മോദിക്കെതിരെ അപകീർത്തികരമായ പരാമർശം: മാലദ്വീപ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ വിഷയത്തിൽ ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബിനെ വിളിച്ചുവരുത്തി ഇന്ത്യ വിശദീകരണം തേടി. അതിനിടെ, മന്ത്രിമാർ പറഞ്ഞത് തങ്ങളുടെ ഔദ്യോഗിക നിലപാടല്ലെന്ന് മാലദ്വീപ് സർക്കാർ ഇന്ത്യൻ ഹൈക്കമ്മിഷണർ മുനു മഹാവറിനെ അറിയിച്ചു. മാലദ്വീപ് വിദേശകാര്യമന്ത്രാലയത്തിലെ അംബാസഡർ അറ്റ് ലാർജ് അലി നസീർ മുഹമ്മദുമായുള്ള ഈ കൂടിക്കാഴ്ച മുൻനിശ്ചയ പ്രകാരമുള്ളതായിരുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി.
അതേസമയം, ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുമായി ഇന്ത്യയിലെ ഇസ്രയേൽ എംബസിയും രംഗത്തെത്തി. ലക്ഷദ്വീപിലെ കടൽവെള്ളം ശുദ്ധീകരിക്കുന്ന പദ്ധതി ഇന്നു തുടങ്ങുമെന്ന് എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ അഭ്യർഥനപ്രകാരം ഇസ്രയേൽ പ്രതിനിധികൾ കഴിഞ്ഞവർഷം ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു.
ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചതാണ് വിവാദമായത്. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്തു. ട്വീറ്റുകളും നീക്കം ചെയ്തു.
മുയിസു അധികാരമേറ്റയുടൻ ഇന്ത്യയുമായുള്ള വിവിധ കരാറുകൾ പുനഃപരിശോധിക്കുമെന്നും മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരെ തിരിച്ചയയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് അറിയിപ്പൊന്നുമില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്.
അതിനിടെ മുയിസു ചൈനാ സന്ദർശനം ആരംഭിച്ചു. കഴിഞ്ഞ നവംബറിൽ അധികാരമേറ്റ മുയിസു ഇന്ത്യയോട് അകന്ന്, ചൈനയുമായി കൂടുതൽ അടുക്കാനാണു ശ്രമിക്കുന്നതെന്നു നേരത്തേ തന്നെ വിലയിരുത്തലുണ്ട്.