ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ കൊന്ന് കത്തിച്ചു
Mail This Article
ചെന്നൈ ∙ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്ന ശേഷം ബന്ധുക്കളുടെ സഹായത്തോടെ കത്തിച്ചു. തഞ്ചാവൂർ പട്ടുക്കോട്ട നെയ്‌വവിടുതി സ്വദേശിനി ഐശ്വര്യ(19)കൊല്ലപ്പെട്ട സംഭവത്തിൽ പിതാവ് പെരുമാളും മാതാവും അടക്കം 6 പേരെ അറസ്റ്റ് ചെയ്തു. ഒന്നര വർഷമായി പ്രണയത്തിലായിരുന്ന ഐശ്വര്യയും നവീനും(19) അടുത്തിടെയാണ് വിവാഹിതരായത്. എന്നാൽ, നവീന് നിയമപ്രകാരം വിവാഹം കഴിക്കുന്നതിനുള്ള പ്രായം ഇല്ലാത്തതിനാൽ നിയമസാധുത ഉണ്ടായിരുന്നില്ല.
മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് ഐശ്വര്യയെ കണ്ടെത്തി വീട്ടുകാർക്കൊപ്പം അയച്ചിരുന്നു. അതേദിവസം രാത്രി നവീൻ ഐശ്വര്യയുടെ വീട്ടിലെത്തിയെങ്കിലും യുവതി മരിച്ചെന്നും സംസ്കാരം നടത്തിയന്നുമുള്ള വിവരമാണു ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതകം പുറത്തായത്. വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പെരുമാൾ ഐശ്വര്യയെ ഭീഷണിപ്പെടുത്തുകയും തുടർന്നുണ്ടായ തർക്കത്തിനിടെ കഴുത്ത് ഞെരിച്ചുകൊല്ലുകയുമായിരുന്നു. തുടർന്ന് പെരുമാളും ഭാര്യയും മകനും ചേർന്ന് മൃതദേഹം സമീപത്തെ പറമ്പിൽ കത്തിച്ചു.