കസ്റ്റഡി മരണ കേസ്: സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി
Mail This Article
അഹമ്മദാബാദ് ∙ കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. സഞ്ജീവ് ഭട്ട്, കൂട്ടുപ്രതി പ്രവീൺസിങ് ഝാല എന്നിവരുടെ ശിക്ഷ ജസ്റ്റിസ് അശുതോഷ് ശാസ്ത്രി, ജസ്റ്റിസ് സന്ദീപ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചു. അതേസമയം 2 വർഷത്തെ ശിക്ഷയ്ക്കു ശേഷം വിട്ടയയ്ക്കപ്പെട്ട മറ്റ് 5 പ്രതികളുടെ ശിക്ഷ ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും കോടതി തള്ളി.
34 വർഷം മുൻപ് സഞ്ജീവ് എഎസ്പി ആയിരിക്കെ പ്രഭുദാസ് വൈഷ്ണവി എന്ന ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ മരിച്ച കേസിലാണ് ജാംനഗർ സെഷൻസ് കോടതി 2019 ൽ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷിച്ചത്. ലഹരിമരുന്നു കേസിൽ അഭിഭാഷകനെ കുടുക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് 2018 ൽ ഭട്ടിനെതിരെ എടുത്ത മറ്റൊരു കേസിന്റെ വിചാരണ നടന്നുവരികയാണ്.
ഗുജറാത്തിൽ 2002 ൽ നടന്ന വർഗീയ കലാപത്തിന് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഒത്താശ ചെയ്തുവെന്ന് 2011 ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു. 2011 ൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഭട്ടിനെ ജോലിക്ക് ഹാജരാകാത്തതിന്റെ പേരിൽ 2015 ഓഗസ്റ്റിൽ പിരിച്ചുവിടുകയും ചെയ്തു.