ബിൽക്കീസ് ബാനോ കേസ്: നീതിക്കൊപ്പം നിലകൊണ്ടവർ
Mail This Article
∙ ചപ്പർവാഡിലെ ചിലർ: ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ചപ്പർവാഡിൽ നേരിടേണ്ടി വന്ന ക്രൂരതകൾക്കു ശേഷം ഇഴഞ്ഞും തളർന്നുമെത്തിയ ബിൽക്കീസിന് ആദ്യം വസ്ത്രം നൽകിയത് ഒരു ആദിവാസി സ്ത്രീ. പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത് ഒരു ഹോം ഗാർഡ്. പേരറിയാത്ത മറ്റു ചിലരുടെയും സഹായം ഈ കഠിനയാത്രയിൽ ബിൽക്കീസിനു ലഭിച്ചു.
∙ ശോഭ ഗുപ്ത: 20 വർഷമായി ബിൽക്കീസിന്റെ അഭിഭാഷക. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ 16 വർഷത്തോളം സ്റ്റാൻഡിങ് കൗൺസലായിരുന്നു. ‘ഫ്ലാഗ്’ എന്ന സൗജന്യ നിയമസഹായ സംഘടനയുടെ സ്ഥാപക.
∙വിവേക് ദുബെ: സിബിഐ സ്പെഷൽ ക്രൈം ടീം മേധാവി. പ്രതികൾക്കു ശിക്ഷ ഉറപ്പാക്കിയതിൽ നിർണായക പങ്ക്. 2015 ൽ ആന്ധ്രപ്രദേശ് പൊലീസ് മേധാവിയായി വിരമിച്ചു.
∙യു.ഡി.സാൽവി: മുഖ്യപ്രതികളിൽ 11 പേർക്കും 2008 ൽ ജീവപര്യന്തം ശിക്ഷ വിധിച്ച മുംബൈ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലെ സ്പെഷൽ ജഡ്ജി.
∙ ജാതവേദൻ നമ്പൂതിരി: ഗുജറാത്ത് പൊലീസ് മുൻ മേധാവിയായിരുന്ന മലയാളി. ഗുജറാത്ത് കലാപകാലത്തു ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക ദൂതനായിരുന്നു. കമ്മിഷനുവേണ്ടി നടത്തിയ അന്വേഷണവും നൽകിയ റിപ്പോർട്ടുകളും ബിൽക്കീസ് കേസിൽ നിർണായകമായി.
∙ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന: ബിൽക്കീസ് ബാനോവിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും താമസസൗകര്യവും ഒരുക്കിനൽകാൻ നിർദേശിച്ചത് 2019 ൽ ചീഫ് ജസ്റ്റിസ് ഗൊഗോയി അധ്യക്ഷനായ ബെഞ്ച്. പീഡനക്കേസിൽ ഏറ്റവുമുയർന്ന നഷ്ടപരിഹാരത്തുക വിധിച്ചത് ഈ കേസിലാണ്. ജഡ്ജിമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
∙ ജസ്റ്റിസ് കെ.എം.ജോസഫ്: കുറ്റക്കാരെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ ബിൽക്കീസിന്റെ ഹർജി ആദ്യമെത്തിയത് മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിൽ. ഗുജറാത്ത് സർക്കാരിനെതിരെ കടുത്ത നിലപാടെടുത്തു. ഇതോടെ കേസ് നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം ശ്രമിച്ചു. വാദം പൂർത്തിയാക്കും മുൻപ് വിരമിച്ചെങ്കിലും ജസ്റ്റിസ് ജോസഫിന്റെ നീതിപൂർവകമായ നിലപാട് കേസിന്റെ ഗതിയെ സ്വാധീനിച്ചു.
∙ ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് ഉജ്വൽ ഭുയാൻ: കുറ്റക്കാരെ ഇളവുനൽകി വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനം തെറ്റാണെന്നു കഴിഞ്ഞ ദിവസം വിധിച്ച ബെഞ്ച്. കുറ്റക്കാർക്കൊപ്പം നിൽക്കുന്ന സമീപനമായിരുന്നു സർക്കാരിന്റേതെന്നു ജസ്റ്റിസ് നാഗരത്ന എഴുതിയ വിധിയിൽ എടുത്തു പറയുന്നു.
∙ സുഭാഷിണി അലി: ആദ്യം പൊതുതാൽപര്യ ഹർജി നൽകിയവരിൽ ഒരാൾ. ഗുജറാത്തിലെ കലാപഭൂമിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് 2002 ൽ ജനാധിപത്യമഹിളാ അസോസിയേഷൻ സംഘത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് സിപിഎം നേതാവ് സുഭാഷിണി അലി ബിൽക്കീസിനെ പരിചയപ്പെട്ടത്.
∙ രൂപ്‍രേഖ വർമ: ലക്നൗ സർവകലാശാലയിലെ മുൻ ഫിലോസഫി അധ്യാപിക. കുറ്റക്കാർക്ക് ഇളവു നൽകിയ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ സാമൂഹിക പ്രവർത്തക.
∙ രേവതി ലൗൾ: എൻഡിടിവിക്കു വേണ്ടി കലാപം റിപ്പോർട്ട് ചെയ്യുന്ന കാലം മുതൽ ബിൽക്കീസിനെ അറിയുന്നയാൾ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് രേവതിയെഴുതിയ ‘അനാട്ടമി ഓഫ് ഹേറ്റ്’ എന്ന പുസ്തകം ശ്രദ്ധേയം. ശിക്ഷയിൽ ഇളവു നൽകിയ തീരുമാനത്തിനെതിരെ ഹർജി നൽകി.
∙ മഹുവ മൊയ്ത്ര: തൃണമൂൽ കോൺഗ്രസ് നേതാവായ മഹുവ മൊയ്ത്രയും ബിൽക്കീസിനായി ഹർജി നൽകി. ഇവർക്കു പുറമേ, മുൻ ഐപിഎസ് ഉദ്യോഗസ്ഥ മീരാൻ ഛദ്ദ ബൊർവങ്കർ, അസ്മ ഷഫീഖ് ഷെയ്ഖ് എന്നിവരും ദേശീയ മഹിളാ ഫെഡറേഷനും ഹർജി നൽകി.
∙ ടീസ്റ്റ സെതൽവാദ്: ബിൽക്കീസ് ബാനോയുടേതുൾപ്പെടെ ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ പ്രശ്നങ്ങൾ മനുഷ്യാവകാശ കമ്മിഷന്റെ മുന്നിലും കോടതിയിലും എത്തിച്ചു, നീതിക്കായി പോരാടി.
∙ പറഞ്ഞാൽ തീരാത്ത അനേകർ: ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങൾ, കേസ് ഗുജറാത്തിനു പുറത്തേക്കു മാറ്റുന്നതുൾപ്പെടെ നിർണായക വിധികൾ പുറപ്പെടുവിച്ച സുപ്രീംകോടതിയിലെയും മഹാരാഷ്ട്ര ഹൈക്കോടതിയിലെയും ജഡ്ജിമാർ, സുപ്രീംകോടതിയിൽ പല ഘട്ടങ്ങളിലായി പൊതുതാൽപര്യ ഹർജിക്കാർക്കു വേണ്ടി അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിര ജയ്സിങ്, വൃന്ദ ഗ്രോവർ, അപർണ ഭട്ട്, നിസാമുദ്ദീൻ പാഷ, പ്രതീക് ആർ.ബൊംബാർഡെ, പ്രതികൾക്ക് അനുകൂല നിലപാടെടുക്കാൻ ഗുജറാത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം സമ്മതം മൂളിയപ്പോഴും അതു ശരിയല്ലെന്നു നിലപാട് എടുത്ത സിബിഐ മുംബൈ (എസ്‌സിബി) എസ്പി, ഗ്രേറ്റർ മുംബൈയിലെ സിബിഐ പ്രത്യേക ജഡ്ജി തുടങ്ങിയവരുടെയും പിന്തുണ ബിൽക്കീസിനു തുണയായി.
ഇപ്പോഴാണ് എനിക്കു ശരിക്കും പുതുവർഷം. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഞാൻ ആദ്യമായി പുഞ്ചിരിക്കുന്നു. ഒരു കുന്നിന്റെ വലുപ്പമുള്ള കല്ല് നെഞ്ചിൽനിന്ന് എടുത്തു മാറ്റിയതു പോലെ; എനിക്കു വീണ്ടും ശ്വാസമെടുക്കാം. ഇതാണു നീതി. എന്റേതു പോലുള്ള യാത്ര ഒരിക്കലും തനിച്ചു സാധ്യമാകില്ല. എന്റെ കുടുംബത്തെ നശിപ്പിക്കുകയും എന്നെ അതിക്രൂരമായി ആക്രമിക്കുകയും ചെയ്തവർക്ക് 2022 ലെ സ്വാതന്ത്ര്യദിനത്തിൽ മോചനം നൽകിയപ്പോൾ ഞാനാകെ തളർന്നു. എന്റെ ധൈര്യത്തിന്റെ ഉറവ വറ്റിപ്പോയി; ലക്ഷക്കണക്കിനു പേരുടെ ഐക്യപ്പെടൽ എത്തുംവരെ .ആ ഐക്യദാർഢ്യത്തിനും പകർന്നുതന്ന കരുത്തിനും ഓരോരുത്തർക്കും ഞാൻ നന്ദി പറയുന്നു.