ADVERTISEMENT

ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കേസിൽ മോചിപ്പിക്കപ്പെട്ട കുറ്റവാളികളായ 11 പേരും രണ്ടാഴ്ചയ്ക്കകം ജയിലിലേക്കു മടങ്ങണമെന്നാണ് കഴിഞ്ഞ 8ന് സുപ്രീം കോടതി നിർദേശിച്ചത്. ജയിലിൽ എത്തിയ കുറ്റവാളികൾ വീണ്ടും മോചനത്തിന് അപേക്ഷിച്ചാൽ മഹാരാഷ്ട്രയിലെ കുറ്റവാളി മോചന നയമാണ് ബാധകമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ 2008 ഏപ്രിൽ 11 മുതൽ പ്രാബല്യത്തിലുള്ള മോചന നയം അനുസരിച്ച് ശിക്ഷിക്കപ്പെട്ടവരുടെ മോചനാപേക്ഷ പരിഗണിക്കപ്പെടുക 28 വർഷം കഴിഞ്ഞാണ്.

കൊലപാതകവും ലൈംഗികപീഡനവും കടുത്ത ആക്രമണവും കുറ്റങ്ങളായുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ മോചനാപേക്ഷ പരിഗണിക്കപ്പെടാനാണ് 28 വർഷം എന്ന കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇടയ്ക്കിടെ ജയിലിൽനിന്നു ലഭിച്ചിട്ടുള്ള വിടുതലും കേസിൽ അറസ്റ്റിലായശേഷം ശിക്ഷിക്കപ്പെടും മുൻപ് തടവിലായിരുന്നതും ഉൾപ്പെടെ ചേർത്താണ് 28 വർഷം കണക്കാക്കുക. അതേസമയം ഇവർ 14 വർഷമെങ്കിലും ജയിലിൽ കഴിഞ്ഞിരിക്കണം.

മോചനാപേക്ഷ പരിഗണിക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണെങ്കിലും നിർണായകമാവുക പ്രതികളെ ശിക്ഷിച്ച മുംബൈ സ്പെഷൽ കോടതിയുടെ നിലപാടാണ്. തീരുമാനമെടുക്കുമ്പോൾ പരിഗണിക്കാവുന്ന വെറുമൊരു ഘടകമല്ല, അടിസ്ഥാനമാക്കേണ്ട പ്രധാന സംഗതിയാണ് ശിക്ഷിച്ച കോടതിയുടെ നിലപാടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ബിൽക്കീസ് കേസിൽ കുറ്റവാളികൾ മോചനം അർഹിക്കുന്നില്ലെന്നാണ് മുംബൈ കോടതി നേരത്തേ നൽകിയിട്ടുള്ള റിപ്പോർട്ട്. ഇത് ഗുജറാത്ത് സർക്കാർ അവഗണിച്ചിരുന്നു. അപേക്ഷ തീർപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന് വിവേചനാധികാരമുണ്ട്. എന്നാൽ‍, ഇത് തോന്നുംപോലെ പ്രയോഗിക്കാവുന്ന അധികാരമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ കുറ്റവാളികൾ മുങ്ങിയതായാണ് വിവരം. കുറ്റവാളികളിലൊരാളായ രാധേശ്യാം ഷായെക്കുറിച്ച് 15 മാസമായി വിവരമൊന്നുമില്ലെന്നാണ് പിതാവ് ഭഗവാൻദാസ് ഷാ പറയുന്നത്. മോചനം നൽകിയപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് ഇയാൾ മോചനദിവസം മുതൽ ഒരു വർഷത്തേക്ക് മാസത്തിലൊരിക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമായിരുന്നു. കുറ്റവാളി എവിടെയെന്ന് കഴിഞ്ഞ ഓഗസ്റ്റ്‌ വരെ പൊലീസിന് അറിയാമായിരുന്നോ എന്ന ചോദ്യമുണ്ട്. മറ്റു കുറ്റവാളികളിൽ‍ 8 പേർ ഇപ്പോൾ എവിടെയെന്ന് വ്യക്തമായ വിവരമില്ലെന്നാണ് ഇവരുടെ അയൽവാസികൾ പറയുന്നത്.

English Summary:

Bilkis Bano case: Mumbai Special Court stand is critical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com