ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ സഖ്യത്തിൽ സീറ്റ് ചർച്ചകൾ പുരോഗമിക്കവേ, കോൺഗ്രസ് സ്ഥാനാർഥികളുടെ എണ്ണം ഇത്തവണ മൂന്നിലൊന്നോളം (32%) കുറയും. ആകെ 543 സീറ്റുകളിൽ 421 ഇടത്താണ് 2019 ൽ മത്സരിച്ചത്. ഇത്തവണ 255 – 280 സീറ്റുകളിൽ കേന്ദ്രീകരിക്കാൻ പാർട്ടി തീരുമാനിച്ചെന്നാണു വിവരം. സീറ്റുകളുടെ എണ്ണത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് സംസ്ഥാന നേതൃത്വങ്ങൾ വാദിച്ചെങ്കിലും ഹൈക്കമാൻഡിനു വിട്ടുവീഴ്ചാ സമീപനമാണ്. സഖ്യത്തിലെ മറ്റു പാർട്ടികൾ കാര്യമായി വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതും കോൺഗ്രസ് കണക്കിലെടുത്തു. സീറ്റെണ്ണം ഈ മാസംതന്നെ അന്തിമമാക്കാനാണു ശ്രമം. 

‘ഇന്ത്യ’ രൂപീകരണത്തിനു മുൻപുതന്നെ സഖ്യത്തിൽ മത്സരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറക്കുറെ കാര്യങ്ങൾ സുഗമമെന്നു പാർട്ടി അധ്യക്ഷൻ മല്ലികാ‍ർജുൻ ഖർഗെ തന്നെ സൂചിപ്പിച്ചു. മഹാരാഷ്ട്ര, ജാർഖണ്ഡ്, ബിഹാർ, തമിഴ്നാട് എന്നിവിടങ്ങൾ ചൂണ്ടിക്കാട്ടിയാണിത്. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഹിമാചൽപ്രദേശ്, ഛത്തീസ്ഗഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെ കാര്യത്തിൽ കോൺഗ്രസിന് കണക്കുകൂട്ടലുകളുണ്ടെങ്കിലും അന്തിമചിത്രം വ്യക്തമാക്കിയിട്ടില്ല. 

മറ്റു പ്രധാന സംസ്ഥാനങ്ങളിലെ സ്ഥിതി ഇങ്ങനെ: 

∙ ഡൽഹി, പഞ്ചാബ്: ഡൽഹിയിൽ ആകെയുള്ള 7 സീറ്റിൽ 3 എണ്ണം നൽകാൻ ആം ആദ്മി പാർട്ടി തയാറാണെന്ന സൂചനയുണ്ട്. എന്നാൽ, ഈസ്റ്റ് ഡൽഹി, നോർത്ത് ഡൽഹി, ചാന്ദ്നി ചൗക്ക് സീറ്റുകൾ തന്നെ വേണമെന്ന ആവശ്യം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനുണ്ട്. 13 സീറ്റുള്ള പഞ്ചാബിൽ 6 സീറ്റ് നൽകാൻ തയാറെന്ന് ആം ആദ്മി; 13ലും മത്സരിക്കാൻ ഒരുക്കമാണെന്നു കോൺഗ്രസ്. നാളെ വീണ്ടും ചർച്ച. 

∙ ബിഹാർ (ആകെ സീറ്റ് 40): ജെഡിയുവിനും ആർജെഡിക്കും 17 സീറ്റ് വീതവും കോൺഗ്രസിന് 4 സീറ്റുമാണ് പ്രാഥമിക ധാരണ. ശേഷിക്കുന്ന 2 സീറ്റ് ഇടതുപാർട്ടികൾക്ക്. 

∙ മഹാരാഷ്ട്ര (48): ശിവസേന ഉദ്ധവ് വിഭാഗം–19, കോൺഗ്രസ്–18, എൻസിപി–9, വഞ്ചിത് ബഹുജൻ അഘാഡി–2 എന്നിങ്ങനെ പ്രാഥമിക ധാരണ. ഒന്നോ രണ്ടോ സീറ്റുകൾ വച്ചുമാറിയേക്കാം. 

∙ ഗുജറാത്ത് (26): കോൺഗ്രസും ആം ആദ്മിയും ചർച്ച തുടരുന്നു. ഒരു സീറ്റാണ് ആം ആദ്മി പ്രതീക്ഷിക്കുന്നത്. 

∙ ഉത്തർപ്രദേശ് (80): തീരുമാനമായിട്ടില്ല. 2009 ലെ മികച്ച വിജയം അയവിറക്കുന്ന കോൺഗ്രസ് 20 സീറ്റ് വരെ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ മുഖ്യകക്ഷിയായ സമാജ്‍വാദി പാർട്ടി ഇത് അനുവദിക്കാൻ തയാറല്ല. ആർഎൽഡി, അപ്നാദൾ എന്നിവയും സഖ്യത്തിലുണ്ട്. നാളെ വീണ്ടും യോഗം. 

∙ ഹരിയാന (10): ആം ആദ്മിയുമായി മറ്റു സംസ്ഥാനങ്ങളിൽ ധാരണയായാൽ കോൺഗ്രസ് ഇവിടെയും സഖ്യത്തിൽ മത്സരിക്കും. 3 സീറ്റാണ് ആംആദ്മി ആവശ്യപ്പെടുന്നത്. 

∙ ഗോവ (2): രണ്ടിലും മത്സരിക്കാൻ കോൺഗ്രസിന് ആഗ്രഹം; ഒരു സീറ്റ് വേണമെന്ന് ആം ആദ്മി. 

∙ ബംഗാൾ (42): തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, സിപിഎം എന്നിവയ്ക്കിടയിലെ പ്രാദേശിക അകൽച്ച സഖ്യത്തിൽ വിള്ളൽ വീഴ്ത്തി. തൃണമൂലുമായി സഖ്യമില്ലെന്ന് സിപിഎം പ്രഖ്യാപിച്ചു. കോൺഗ്രസിനു പരമാവധി 4 സീറ്റാണ് തൃണമൂൽ വാഗ്ദാനം ചെയ്യുന്നത്. 10 സീറ്റാണു പ്രതീക്ഷിക്കുന്നതെന്നും ഔദാര്യം വേണ്ടെന്നുമുള്ള കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ നിലപാട് പ്രതിസന്ധി കൂട്ടി. 

∙ ജാർഖണ്ഡ് (14): മുന്നണിയായിത്തന്നെ മത്സരിക്കുമെന്നാണ് സർക്കാരിനു നേതൃത്വം നൽകുന്ന ജാർഖണ്ഡ് മുക്തി മോർച്ച വ്യക്തമാക്കുന്നത്. കോൺഗ്രസ്, ആർജെഡി എന്നിവയ്ക്കൊപ്പം സഖ്യത്തിലായിരുന്നു ജെഎംഎം 2019 ലും മത്സരിച്ചത്. 

English Summary:

Congress not to demand more seats for the benefit of INDIA alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com