ADVERTISEMENT

മുംബൈ ∙ ശിവസേനയിലെ അയോഗ്യതാത്തർക്കത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻെഡ പക്ഷത്തിന് അനുകൂലമായി സ്പീക്കർ തീരുമാനമെടുത്തു. കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ വാദം തള്ളിയ സ്പീക്കർ രാഹുൽ നർവേക്കർ, പാർട്ടി വിട്ടവരുടേതാണ് ‘യഥാർഥ ശിവസേന’യെന്നു വ്യക്തമാക്കി. നിയമസഭാകക്ഷി നേതാവും അദ്ദേഹം തന്നെ.

ഷിൻഡെയെ കക്ഷി നേതൃപദവിയിൽനിന്നു നീക്കാൻ ഉദ്ധവ് താക്കറെയ്ക്ക് അധികാരമില്ലെന്നും ബിജെപി എംഎൽഎ കൂടിയായ സ്പീക്കർ  വിധിച്ചു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് പക്ഷം പ്രഖ്യാപിച്ചു.

2022 ജൂൺ 21ന് ശിവസേനയിൽ വിമതവിഭാഗം ഉടലെടുത്തതോടെ കൂടുതൽ എംഎൽഎമാർ ഒപ്പമുള്ള ഷിൻഡെ പക്ഷം യഥാർഥ ശിവസേനയായെന്നു സ്പീക്കർ വിലയിരുത്തി. പാർട്ടി വിപ്പിനെ മാറ്റി തങ്ങളുടെയാളെ ഷിൻഡെ പക്ഷം നിയോഗിച്ചതും സ്പീക്കർ അംഗീകരിച്ചു. 

ഷിൻഡെയടക്കം, ആദ്യഘട്ടത്തിൽ കൂറുമാറിയ 16 വിമതരെ അയോഗ്യരാക്കാൻ മതിയായ കാരണം കണ്ടെത്താനായില്ലെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി. ഉദ്ധവ് പക്ഷത്തിന്റെ അയോഗ്യത ആവശ്യപ്പെട്ടു ഷിൻഡെ വിഭാഗം സമർപ്പിച്ച അപേക്ഷയും ഇതേ കാരണത്താൽ തള്ളി. ഫലത്തിൽ ഒരു എംഎൽഎപോലും അയോഗ്യനാക്കപ്പെട്ടില്ല; ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയുടെ നിയന്ത്രണം ഷിൻഡെയ്ക്കു ലഭിക്കുകയും ചെയ്തു.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളും മുംബൈയടക്കമുള്ള കോർപറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ഉദ്ധവ് വിഭാഗത്തിനു കനത്ത തിരിച്ചടിയാണു സ്പീക്കറുടെ വിധി. ജനാധിപത്യത്തിന്റെ കൊലപാതകമാണിതെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു.

മഹാരാഷ്ട്ര കക്ഷിനില

ആകെ സീറ്റ്: 288

പിളർപ്പിനു മുൻപ് 

∙ മഹാവികാസ് അഘാഡി: 162

(ശിവസേന: 56, എൻസിപി: 54, കോൺഗ്രസ്: 44, മറ്റുള്ളവർ: 8

∙ ബിജെപി: 105 ∙ മറ്റുള്ളവർ: 21

ശിവസേന, എൻസിപി പിളർപ്പിനു ശേഷം

∙ ബിജെപി സഖ്യം: 185

(ബിജെപി: 104, എൻസിപി -അജിത് പവാർ: 41,  

ശിവസേന -ഷിൻഡെ: 40)

∙ സർക്കാരിനു പുറത്തുനിന്നുള്ള പിന്തുണ – മറ്റുള്ളവർ: 22

∙ മഹാവികാസ് അഘാഡി:  77

(കോൺഗ്രസ്: 44, ശിവസേന -ഉദ്ധവ് താക്കറെ: 17, എൻസിപി  -ശരദ് പവാർ: 12,  മറ്റുള്ളവർ: 4)

∙ മറ്റുള്ളവർ: 2

English Summary:

Eknath Shinde faction real Shiv Sena declares Maharashtra speaker Rahul Narvekar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com