ബംഗാളിൽ 2 സീറ്റ്, തൃണമൂൽ വാഗ്ദാനം കോൺഗ്രസ് തള്ളി; ‘ഇന്ത്യ’ സീറ്റ് ചർച്ചയിൽ പ്രതിസന്ധി
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 2 സീറ്റ് നൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാഗ്ദാനം കോൺഗ്രസ് തള്ളി. 6 സീറ്റെങ്കിലും വേണമെന്ന് കോൺഗ്രസും അത്രയും ജയിക്കാനുള്ള കെൽപ് കോൺഗ്രസിനില്ലെന്നു തൃണമൂലും വ്യക്തമാക്കിയതോടെ ‘ഇന്ത്യ’ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളിൽ പ്രതിസന്ധി രൂക്ഷമായി. സീറ്റ് ചർച്ചകൾക്കായി കോൺഗ്രസ് നിയോഗിച്ച സമിതിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നു തൃണമൂൽ അറിയിച്ചു. ഇനി ചർച്ച ചെയ്യുന്നെങ്കിൽ അത് കോൺഗ്രസിന്റെ ഉന്നത നേതൃത്വവുമായി മാത്രം എന്നാണു നിലപാട്. തർക്കം രമ്യമായി പരിഹരിക്കാനാണു ശ്രമമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയോ സോണിയ ഗാന്ധിയോ വരും ദിവസങ്ങളിൽ മമത ബാനർജിയുമായി ചർച്ച നടത്തിയേക്കും.
നിലവിൽ കോൺഗ്രസിന്റെ കൈവശമുള്ള 2 സീറ്റ് നൽകാമെന്നു തൃണമൂൽ നിലപാടെടുത്തതാണു കല്ലുകടിയായത്. ഈ സീറ്റുകളിൽ മത്സരിക്കാൻ തൃണമൂലിന്റെ ഔദാര്യം ആവശ്യമില്ലെന്നു പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി. തൃണമൂലുമായി സഖ്യം വേണ്ടെന്നും സിപിഎമ്മുമായി കൈകോർക്കാമെന്നുമാണു സംസ്ഥാന കോൺഗ്രസിലെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ, തൃണമൂലിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണു കോൺഗ്രസ് ഹൈക്കമാൻഡ്.
‘ഇന്ത്യ’ യോഗം ഇന്ന്
‘ഇന്ത്യ’ മുന്നണി കക്ഷി നേതാക്കൾ ഇന്ന് 11.30നു യോഗം ചേരും. ഓൺലൈനായി ചേരുന്ന യോഗത്തിൽ മുന്നണിയുടെ കൺവീനറെ നിശ്ചയിക്കുന്നതിനുള്ള ചർച്ച നടന്നേക്കും. കൺവീനർ സ്ഥാനത്തിനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തുണ്ട്. ഖർഗെ കൺവീനറാകണമെന്ന് തൃണമൂൽ, ആം ആദ്മി പാർട്ടി എന്നിവ ആവശ്യപ്പെട്ടിരുന്നു. ഒൗദ്യോഗിക ചടങ്ങുകളുള്ളതിനാൽ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് മമത ബാനർജി അറിയിച്ചു.