3 കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കും
Mail This Article
ന്യൂഡൽഹി ∙ ശൈത്യകാല സമ്മേളനത്തിനിടെ ലോക്സഭാ സ്പീക്കറുടെ ചേംബറിൽ പ്രതിഷേധിച്ച 3 കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കും. ഇന്നലെ ചേർന്ന അവകാശലംഘന സമിതി മുൻപാകെ എംപിമാരായ കെ.ജയകുമാർ, വിജയ് വസന്ത്, അബ്ദുൾ ഖാലിഖ് എന്നിവർ ഖേദം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. സസ്പെൻഷൻ പിൻവലിക്കുന്നതിനുള്ള പ്രമേയം സമിതി അംഗീകരിച്ചു. പ്രമേയം തിങ്കളാഴ്ച സ്പീക്കർക്കു കൈമാറും.
സഭ നിർത്തിവയ്ക്കാനാണു ബഹളം വച്ചതെന്നും സ്പീക്കറെ ആക്രമിക്കാനോ അവഹേളിക്കാനോ ലക്ഷ്യമിട്ടില്ലെന്നും മൂവരും വ്യക്തമാക്കി. സമിതിയംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള പ്രതിപക്ഷ എംപിമാർ സസ്പെൻഷൻ പിൻവലിക്കണമെന്നു വാദിച്ചു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ സസ്പെൻഷൻ പിൻവലിക്കുന്നതിനെ സമിതിയിലെ ബിജെപി എംപിമാരും അനുകൂലിച്ചു.
രാജ്യസഭയിൽ 11 പ്രതിപക്ഷ എംപിമാർക്കെതിരായ സസ്പെൻഷൻ പിൻവലിക്കുന്നതിനോടും ബിജെപി അംഗങ്ങൾക്ക് എതിർപ്പില്ലെന്നാണു സൂചന. കഴിഞ്ഞ ദിവസം ചേർന്ന രാജ്യസഭാ അവകാശലംഘന സമിതി നിശ്ചിത അംഗങ്ങളില്ലാത്തതിനാൽ വിഷയം പരിഗണിച്ചിരുന്നില്ല.