മണിപ്പുരിൽ 26 കുക്കി സ്കൂളുകളുടെ അംഗീകാരം പിൻവലിച്ചു
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ കുക്കി ഗോത്രമേഖലയിലെ 26 സ്കൂളുകൾക്ക് അംഗീകാരം നൽകിയ നടപടി സിബിഎസ്ഇ പിൻവലിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണിത്. നിയമവിരുദ്ധമായി ജില്ലാതലത്തിലെ ഉദ്യോഗസ്ഥർ സ്കൂളുകൾക്ക് സിബിഎസ്ഇ അഫിലിയേഷനായി എൻഒസി നൽകുകയായിരുന്നുവെന്ന് സർക്കാർ പറഞ്ഞു. 3 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കലാപത്തെതുടർന്ന് സംസ്ഥാന സർക്കാർ സഹകരിക്കാത്ത പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഭാവി മുൻനിർത്തിയാണ് ഉദ്യോഗസ്ഥർ എൻഒസി നൽകിയതെന്ന് കുക്കി സംഘടനകൾ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും സിബിഎസ്ഇ അഫിലിയേഷൻ പുനഃസ്ഥാപിക്കണനെന്നും 7 ബിജെപി എംഎൽഎമാർ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.മണിപ്പുർ കലാപത്തെതുടർന്നു ഗോത്രമേഖലയിലെ വിദ്യാർഥികൾ വൻ ദുരിതത്തിലാണ്. ഇംഫാലിൽ പഠിക്കുകയായിരുന്ന പലർക്കും പാതിവഴിയിൽ പഠനം നിർത്തേണ്ടിവന്നു. മണിപ്പുർ സർവകലാശാലയിലെ കുക്കി വിദ്യാർഥികളുടെ മാർക്ക് തിരുത്തി പരാജയപ്പെടുത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അംഗീകാരം പിൻവലിച്ച 26 സ്കൂളുകളിൽ 11 എണ്ണത്തിന് കലാപത്തിനു മുൻപ് അംഗീകാരം ലഭിച്ചതാണ്.