അരമണിക്കൂർ മുൻപ് മേയർ തിരഞ്ഞെടുപ്പു മാറ്റി; ചണ്ഡിഗഡിൽ കോൺഗ്രസ് – ആംആദ്മി പ്രതിഷേധം
Mail This Article
ന്യൂഡൽഹി ∙ വിജയമുറപ്പിച്ച് ആം ആദ്മി പാർട്ടി – കോൺഗ്രസ് സഖ്യം കൈകോർത്തിറങ്ങിയ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് അവസാനനിമിഷം മാറ്റിവച്ചു. വരണാധികാരിയായ അനിൽ മസീഹിന്റെ ആരോഗ്യം മോശമാണെന്ന കാരണം പറഞ്ഞാണ് തിരഞ്ഞെടുപ്പു ഫെബ്രുവരി ആറിലേക്ക് മാറ്റിയത്.
മേയർ, സീനിയർ ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി മേയർ എന്നീ സ്ഥാനങ്ങളിലേക്ക് ഇന്നലെ രാവിലെ 11നാണു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കൗൺസിലർമാർക്ക് പത്തരയോടെ വാട്സാപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ച സന്ദേശം ലഭിച്ചത്.
കഴിഞ്ഞ 8 വർഷമായി മേയർ തിരഞ്ഞെടുപ്പ് ജയിക്കുന്ന ബിജെപിയെ തോൽപിക്കാൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ ഇന്ത്യ മുന്നണി അംഗങ്ങളായ ആം ആദ്മി പാർട്ടിയും കോൺഗ്രസും കൈകോർത്തത്. ആം ആദ്മി പാർട്ടിക്ക് മേയർ പദവിയും കോൺഗ്രസിന് സീനിയർ ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളും എന്നായിരുന്നു ധാരണ.
35 അംഗ കോർപറേഷനിൽ ബിജെപിക്ക് 14 അംഗങ്ങളുണ്ട്. ഇതിനു പുറമേ ചണ്ഡിഗഡ് എംപിയും ബിജെപി നേതാവുമായ കിരൺ ഖേറിനും വോട്ടവകാശമുണ്ട്. ആം ആദ്മി പാർട്ടി– 13, കോൺഗ്രസ് – 7, ശിരോമണി അകാലി ദൾ– 1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. 20 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ ആം ആദ്മി – കോൺഗ്രസ് സഖ്യത്തിന് വിജയം ഉറപ്പായിരുന്നു.
വരണാധികാരിക്ക് അനാരോഗ്യമില്ലെന്നും ബിജെപിയുടെ അടവാണിതെന്നും ആം ആദ്മി പാർട്ടി എംപി: രാഘവ് ഛദ്ദ ആരോപിച്ചു. ജനാധിപത്യവിരുദ്ധ നടപടിയാണു ബിജെപിയുടേതെന്നു കോൺഗ്രസ് നേതാവ് പവൻകുമാർ ബൻസൽ കുറ്റപ്പെടുത്തി.