ഒഡീഷ: ഗമാങ് കോൺഗ്രസിൽ മടങ്ങിയെത്തി
Mail This Article
ന്യൂഡൽഹി ∙ ഒഡീഷ മുൻ മുഖ്യമന്ത്രിയും പ്രമുഖ ഗോത്രവർഗ നേതാവുമായ ഗിരിധർ ഗമാങ്ങും കുടുംബവും കോൺഗ്രസിൽ മടങ്ങിയെത്തി. 2015ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം, കഴിഞ്ഞവർഷം കെ.ചന്ദ്രശേഖർ റാവു നയിക്കുന്ന ബിആർഎസിന്റെ ഭാഗമായിരുന്നു. ഒഡീഷയിലെ കൊറാപുട് മണ്ഡലത്തിൽനിന്ന് 9 തവണ എംപിയായ ഗമാങ് 10 മാസത്തോളം ഒഡീഷ മുഖ്യമന്ത്രിയായിരുന്നു.
ഭാര്യ ഹേമ ഗമാങ് എംപിയും എംഎൽഎയുമായിരുന്നു. ഇവരുടെ മകൻ ശിശിർ ഗമാങ്, ബിജെപി നേതാവും മുൻ എംപിയുമായ സഞ്ജയ് ഭോയ് എന്നിവർക്കു കോൺഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ പ്രാഥമികാംഗത്വം നൽകി.
1999ൽ എ.ബി.വാജ്പേയി സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിൽ ഗമാങ് ചെയ്ത വോട്ട് വിവാദമായിരുന്നു. അതിന് 2 മാസം മുൻപ് ഒഡീഷ മുഖ്യമന്ത്രിയായ ഗമാങ്, ലോക്സഭാംഗത്വം രാജിവച്ചിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ ലോക്സഭയിൽ വോട്ടുരേഖപ്പെടുത്തിയതായിരുന്നു വിവാദം. ഒരു വോട്ടിനു (270–269) വാജ്പേയി സർക്കാർ വീഴുകയും ചെയ്തു.