അഴിമതിക്കെതിരായ പോരാട്ടത്തിന് മുൻഗണന: മോദി
Mail This Article
അമരാവതി ∙ അഴിമതി തടയാനും അഴിമതിക്കാർക്കെതിരായ നടപടികൾ ശക്തമാക്കാനുമാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആന്ധ്രപ്രദേശിൽ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തിൽ ആരംഭിച്ച കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് പരിശീലന സ്ഥാപനമായ ‘നാസിൻ’ (നാഷനൽ അക്കാദമി ഓഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്സസ് ആൻഡ് നർകോട്ടിക്സ്) കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളിൽ നിന്നു നികുതിയിനത്തിൽ പിരിച്ചെടുക്കുന്ന പണം വ്യത്യസ്ത സേവനങ്ങളായി അവർക്കു തന്നെ തിരികെനൽകുന്നുണ്ടെന്നു മോദി പറഞ്ഞു.
ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി, ഗവർണർ എസ്.അബ്ദുൽ നസീർ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എൻ.രാഘവൻ ആണ് നാസിൻ ഡയറക്ടർ ജനറൽ. മുൻ രാജ്യാന്തര ക്രിക്കറ്റ് അംപയർ കൂടിയായ രാഘവൻ കഴിഞ്ഞ വർഷം ജൂണിലാണ് ചുമതലയേറ്റത്.