കേസ്, മുന്നറിയിപ്പ്; ജോഡോ യാത്രയ്ക്കെതിരെ അസം
Mail This Article
കൊൽക്കത്ത ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പ്രവേശിച്ചതോടെ കേസുകളും നിയമനടപടികളുമായി സർക്കാർ. അംഗീകരിച്ച പാതകളിൽ നിന്ന് മാറി യാത്ര നടത്തിയെന്നും സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും ആരോപിച്ച് രാഹുൽ ഗാന്ധിയുടെ കോർ ഗ്രൂപ്പ് അംഗവും മലയാളിയുമായ കെ.ബി.ബൈജുവിനെതിരെ പൊലീസ് കേസെടുത്തു. യാത്രയുടെ പ്രധാന കോ ഓർഡിനേറ്ററാണ് മുൻ എസ്പിജി ഉദ്യോഗസ്ഥൻ കൂടിയായ ബൈജു. മുൻ നിശ്ചയിച്ച റൂട്ടുകളിൽ മാറ്റം വരുത്തിയതിനാൽ അസമിലെ ജോർഹട്ടിൽ സംഘർഷാവസ്ഥയുണ്ടായതായി പൊലീസ് പറഞ്ഞു.
രാഹുലിന്റെ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ പരിപാടികൾ റദ്ദാക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും അറിയിച്ചു. യാത്ര ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മാജുലിയിൽ എത്തും. മാജുലിയിലെ വിവിധ പരിപാടികൾ മുഖ്യമന്ത്രി റദ്ദാക്കി. ജങ്കാറിൽ ബ്രഹ്മപുത്ര നദി കടന്നാണ് രാഹുൽ മാജുലിയിലേക്ക് പോകുക. ഔദ്യോഗിക പരിപാടികൾ ഹിമന്ത റദ്ദാക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടികൾ നടക്കും. തേസ്പുരിലെ പുതിയ പാലം അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന ഇന്ന് രാഹുലിന്റെ യാത്ര ഈ ഭാഗത്തുകൂടി കടന്നുപോകും.