അടൽ പെൻഷൻ തുക ഉയർത്തിയേക്കും; 2500 – 7500 രൂപ ആക്കുന്നത് പരിഗണനയിൽ
Mail This Article
ന്യൂഡൽഹി ∙ അടൽ പെൻഷൻ പദ്ധതിയിലൂടെ ലഭിക്കുന്ന മിനിമം പെൻഷൻ തുക കേന്ദ്ര ബജറ്റിൽ ഉയർത്തിയേക്കുമെന്ന് സൂചന. 1,000 രൂപ, 2000 രൂപ, 3000 രൂപ, 4000 രൂപ, 5000 രൂപ എന്നിങ്ങനെ 5 സ്ലാബുകളിലായിട്ടാണ് നിലവിൽ പ്രതിമാസ പെൻഷൻ. ഇത് 2,500 മുതൽ 7,500 രൂപ വരെയാക്കുന്നതാണ് പരിഗണനയിൽ. ബാങ്കിലോ പോസ്റ്റ് ഓഫിസിലോ സേവിങ്സ് അക്കൗണ്ടുള്ള, ആദായനികുതിദായകരല്ലാത്ത 18– 40 പ്രായക്കാർക്ക് ഈ പദ്ധതിയിൽ ചേരാം. 60 വയസ്സു മുതൽ പെൻഷൻ ലഭിക്കും. 2023 മേയ് വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 9.91 ലക്ഷം പേർ പദ്ധതിയിൽ അംഗങ്ങളാണ്. രാജ്യമാകെ 5.33 കോടി അംഗങ്ങളുണ്ട്. ദീപക് മൊഹന്തി ചെയർമാനായ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ആണ് ഈ പദ്ധതി നിയന്ത്രിക്കുന്നത്.
എൻപിഎസിൽ ദക്ഷിണേന്ത്യ മുന്നിൽ
ദേശീയ പെൻഷൻ പദ്ധതിയുടെ (എൻപിഎസ്) സർക്കാർ ഇതരവിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ അംഗങ്ങളായത് ദക്ഷിണേന്ത്യയിൽ നിന്നാണെന്ന് പിഎഫ്ആർഡിഎ അറിയിച്ചു. സ്വകാര്യ കമ്പനികൾക്കുള്ള എൻപിഎസ് കോർപറേറ്റ്, സാധാരണക്കാർക്കുള്ള ‘എൻപിഎസ് ഓൾ സിറ്റിസൻ’ വിഭാഗങ്ങൾ പരിഗണിച്ചാൽ 31% എൻറോൾമെന്റും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ദീപക് മൊഹന്തി പറഞ്ഞു.