രശ്മികയുടെ ഡീപ്ഫെയ്ക് വിഡിയോ: പ്രതി പിടിയിൽ
Mail This Article
ന്യൂഡൽഹി ∙ നടി രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക് വിഡിയോ നിർമിച്ച കേസിലെ പ്രധാന പ്രതി ആന്ധ്രപ്രദേശ് സ്വദേശി ഇമാനി നവീൻ (24) അറസ്റ്റിൽ. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനാണു വിഡിയോ നിർമിച്ചതെന്നു നവീൻ ഡൽഹി പൊലീസിനു മൊഴി നൽകി. കഴിഞ്ഞ നവംബറിലാണു രശ്മികയുടെ ഡീപ്ഫെയ്ക് വിഡിയോ പ്രചരിച്ചത്.
ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും വിഡിയോ പ്രചരിപ്പിച്ച 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ ഡീപ്ഫെയ്ക് വലിയ ചർച്ചയാകുകയും കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. രശ്മികയുടെ കടുത്ത ആരാധകനാണെന്നും സമൂഹമാധ്യമത്തിൽ രശ്മികയുടെ പേരിൽ ഫാൻ പേജ് നടത്തുന്നുണ്ടെന്നുമാണു നവീൻ നൽകിയ മൊഴി. ഈ പേജിലാണു ഡീപ്ഫെയ്ക് വിഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ് ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിഡിയോ ഉപയോഗിച്ചാണു ഡീപ്ഫെയ്ക് വിഡിയോ തയാറാക്കിയത്. പോസ്റ്റ് ചെയ്തു മിനിറ്റുകൾക്കുള്ളിൽ വിഡിയോ വൈറലാകുകയും ചെയ്തു.