ജെഡിഎസ് പേരും ചിഹ്നവും:ഇബ്രാഹിമിന് വിലക്ക്
Mail This Article
ബെംഗളൂരു ∙ എൻഡിഎ സഖ്യത്തിൽ ചേരാനുള്ള ജനതാദൾ (എസ്) തീരുമാനത്തിൽ പ്രതിഷേധിച്ച് ഭിന്നിച്ചുനിൽക്കുന്ന സി.എം.ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള വിഭാഗം, പാർട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കുന്നത് ബെംഗളൂരു സെഷൻസ് കോടതി താൽക്കാലികമായി വിലക്കി. സമാന്തര യോഗം വിളിച്ചെന്നും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആരോപിച്ച് ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള വിഭാഗം നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 12 വരെയാണ് വിലക്ക്.
എൻഡിഎ സഖ്യതീരുമാനത്തെ എതിർത്ത ഇബ്രാഹിമിനെ ഒക്ടോബർ 19ന് ദൾ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കുകയും സംസ്ഥാന സമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. തുടർന്ന് ഇബ്രാഹിമിനെയും ദേശീയ വൈസ് പ്രസിഡന്റായിരുന്ന സി.കെ.നാണുവിനെയും പാർട്ടിയിൽ നിന്നു പുറത്താക്കി. ഇതോടെ ബെംഗളൂരൂവിൽ സമാന്തര ദേശീയ പ്ലീനറി വിളിച്ചുചേർത്ത ഇബ്രാഹിം വിഭാഗം ദേവെഗൗഡയെ ദേശീയ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി.