ഇന്ത്യ മുന്നണി: ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തൃണമൂൽ; സൂചന നൽകി മമതയുടെ നിർദേശം
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി മമത ബാനർജി. മുർഷിദാബാദ് ജില്ലയിൽ പ്രാദേശിക നേതൃത്വവുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ ഒറ്റയ്ക്കു മത്സരിക്കാൻ തയാറെടുപ്പുകൾ തുടങ്ങാൻ മമത നിർദേശിച്ചു. ജില്ലയിലെ ബെർഹാംപുർ മണ്ഡലം കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ സിറ്റിങ് സീറ്റാണ്. ഇതടക്കം 2 സീറ്റാണ് നിലവിൽ സംസ്ഥാനത്ത് കോൺഗ്രസിനുള്ളത്.
ഇന്ത്യ മുന്നണിയുടെ ഭാഗമായി ആ 2 സീറ്റുകൾ കോൺഗ്രസിനു നൽകാമെന്നു മുൻപു തൃണമൂൽ അറിയിച്ചെങ്കിലും ആകെയുള്ള 42 ൽ ആറെണ്ണം വേണമെന്ന നിലപാടിലാണു കോൺഗ്രസ്. ഇരു കക്ഷികളും തമ്മിൽ തർക്കം തുടരുന്നതിടെയാണു മമതയുടെ പുതിയ നീക്കം.
സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് സമിതി അടുത്തിടെ തൃണമൂൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ധാരണയായില്ല.
തർക്കപരിഹാരത്തിനായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ മമതയുമായി ചർച്ച നടത്തിയേക്കും.
ഇതിനിടെ, പഞ്ചാബിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ധാരണയാകില്ലെന്ന സൂചന ശക്തമായി. ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി ആം ആദ്മി നാലും കോൺഗ്രസ് മൂന്നും സീറ്റുകളിൽ മത്സരിച്ചേക്കും.