വൈദ്യുതി: ചെലവിന് ആനുപാതികമായ നിരക്ക് ആകണം
Mail This Article
ന്യൂഡൽഹി ∙ വൈദ്യുതിനിരക്കിലെ പരിഷ്കാരം സമയബന്ധിതവും ഉൽപാദന, വിതരണ ചെലവുകൾ നിറവേറ്റാൻ പര്യാപ്തവുമായിരിക്കണമെന്ന് കേന്ദ്ര ഊർജമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വിതരണ കമ്പനികളുടെ സാമ്പത്തികസുസ്ഥിരത ഉറപ്പാക്കാനാണിത്.
നിരക്ക് നിശ്ചയിക്കുന്ന താരിഫ് ഓർഡറുകൾ സമയത്തിന് ഇറങ്ങുന്നുവെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം.
ഉപയോക്താക്കൾക്ക് വൈദ്യുതി എത്തിക്കാനുള്ള ചെലവും അതിൽ നിന്നു ലഭിക്കുന്ന വരുമാനവും ഒരുപോലെയായിരിക്കണം. നിലവിൽ പല സംസ്ഥാനങ്ങളിലും ഇവ തമ്മിൽ അന്തരമുണ്ട്. ഇത് കുറയ്ക്കണമെങ്കിൽ നിരക്ക് കൂട്ടുകയോ ചെലവ് കുറയ്ക്കുകയോ ചെയ്യേണ്ടി വരും.
വൈദ്യുതി വിതരണ കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായി ഈയിടെ കേന്ദ്രം ചട്ടഭേദഗതിയും കൊണ്ടുവന്നിരുന്നു. അനാവശ്യമായ ലോഡ് ഷെഡിങ് അനുവദിക്കില്ല.
അങ്ങനെയുണ്ടായാൽ വിതരണകമ്പനികൾ ഉപയോക്താവിന് നഷ്ടപരിഹാരം നൽകണമെന്നും കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഊർജസെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്ര ഊർജമന്ത്രി ആർ.കെ.സിങ് പറഞ്ഞു.