ADVERTISEMENT

അയോധ്യ ∙ അലങ്കരിക്കാനൊരിടവും ബാക്കിയില്ലാത്ത വിധം അയോധ്യ നഗരം അണിഞ്ഞൊരുങ്ങിയിരുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങ് ഉത്സവമായാണു ക്ഷേത്രനഗരം കൊണ്ടാടിയത്. കൊടുംതണുപ്പു വകവയ്ക്കാതെ ദിവസങ്ങളായി ഭക്തർ നഗരത്തിലേക്കെത്തിക്കൊണ്ടിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു സുരക്ഷാ കാരണങ്ങളാൽ നഗരകവാടങ്ങൾ അടയ്ക്കുന്നതുവരെ അതു തുടർന്നു. 

ഇന്നലെ വൈകിട്ട് 10 ലക്ഷം ദീപങ്ങളുടെ പ്രകാശത്തിൽ അയോധ്യ നഗരം ജ്വലിച്ചു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഗലികളിലും ഘാട്ടുകളിലുമൊക്കെ ദീപങ്ങൾ തെളിഞ്ഞു. നഗരവീഥികളിൽ ഓരോ 100 മീറ്റർ ഇടവിട്ടു കെട്ടിയ സ്റ്റേജുകളിൽ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ അരങ്ങേറിയിരുന്നു. നഗരത്തിലങ്ങോളമിങ്ങോളം വലിയ സ്ക്രീനുകളിൽ ജനങ്ങൾക്കു ചടങ്ങുകൾ തൽസമയം കാണാൻ അവസരമൊരുക്കിയിരുന്നു. 

ദീപപ്രഭയിൽ സരയൂ... അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം സരയൂ നദീതീരത്ത് ദീപങ്ങൾ തെളിയിച്ചപ്പോൾ. അയോധ്യയിൽ ഇന്നലെ 10 ലക്ഷം ദീപങ്ങൾ തെളിയിച്ചു. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
ദീപപ്രഭയിൽ സരയൂ... അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം സരയൂ നദീതീരത്ത് ദീപങ്ങൾ തെളിയിച്ചപ്പോൾ. അയോധ്യയിൽ ഇന്നലെ 10 ലക്ഷം ദീപങ്ങൾ തെളിയിച്ചു. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

അയോധ്യ ക്ഷേത്രത്തിന്റെ 2 കിലോമീറ്റർ അടുത്തുവരെ ജനങ്ങൾക്കു പ്രവേശനമനുവദിച്ചു. നവീകരിച്ച റാം പഥിലുടനീളം കലാപരിപാടികളുണ്ടായിരുന്നു. സരയൂ നദിയിൽ ചങ്ങാടങ്ങളിൽ സജ്ജീകരിച്ച മിനി സ്ക്രീനുകളിൽ ആയിരങ്ങൾ ചടങ്ങു കണ്ടു. 

രാവിലെ 9 മണി മുതൽ ക്ഷണിക്കപ്പെട്ട അതിഥികളെ ക്ഷേത്രവളപ്പിലേക്കു പ്രവേശിപ്പിച്ചു. ക്ഷേത്രമുറ്റത്തു പ്രത്യേക ബ്ലോക്കുകളായി തിരിച്ചാണ് അതിഥികൾക്ക് ഇരിപ്പിടമൊരുക്കിയത്. 10.25ന് അയോധ്യയിൽ വിമാനമിറങ്ങിയ മോദി ഹെലികോപ്റ്ററിൽ 11 മണിയോടെ ക്ഷേത്രത്തിലെത്തി. വെള്ളിയിൽ തീർത്ത മേലാപ്പും ചുവന്ന പട്ടു വസ്ത്രവുമാണ് രാംലല്ലയ്ക്കു സമ്മാനമായി കൊണ്ടുവന്നത്. 

യജമാനന്മാരായി തിരഞ്ഞെടുത്ത വിവിധ വിഭാഗങ്ങളിൽപ്പെട്ട 14 ദമ്പതികൾ ക്ഷേത്രത്തിലെ ഗർഭഗൃഹത്തിനു പുറത്തു നേരത്തേ സന്നിഹിതരായിരുന്നു. സഹകാർമികരായ പുരോഹിതരും ഇവിടെയായിരുന്നു. മോദിയെയും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് അടക്കമുള്ള വിശിഷ്ടാതിഥികളെയും ക്ഷേത്രട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ഗിരി അകത്തേക്ക് ആനയിച്ചു. അവിടെ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ മോദി പൂജകളിൽ പങ്കെടുത്തു. മോഹൻ ഭാഗവതും പങ്കെടുത്തപ്പോൾ ഗവർണർ ആനന്ദി ബെൻ പട്ടേലും യോഗി ആദിത്യനാഥും സാക്ഷികളായി. 

പൂജകൾക്കു ശേഷം 12:29:08 മുതൽ 12:30:32 വരെയുള്ള സമയത്താണു പ്രാണപ്രതിഷ്ഠ നടന്നത്. പിന്നീട് വിഗ്രഹം മൂടിയ തുണി മാറ്റി രാംലല്ലയുടെ കണ്ണു തുറന്നു. രാമക്ഷേത്രത്തിനു മുകളിൽ എയർഫോഴ്സ് ഹെലികോപ്റ്റർ പൂക്കൾ വിതറി. വിഗ്രഹത്തിന്റെ പൂർണ രൂപം ദൃശ്യമായപ്പോൾ സ്ക്രീനുകൾക്കു മുൻപിൽ ജനങ്ങൾ ആഹ്ലാദാരവം മുഴക്കി. പിന്നീട് ആദ്യ ആരതിക്കും മോദി തന്നെ നേതൃത്വം നൽകി. ആ സമയം അതിഥികൾ മണിമുഴക്കി. രാമക്ഷേത്രത്തിനു വർഷങ്ങൾക്കു മുൻപു ശിലയിട്ട ട്രസ്റ്റ് അംഗം കൂടിയായ രാമേശ്വർ ചൗപാലിനെ മോദി അഭിനന്ദിച്ചു. വിവിധ അഖാഡകളിലെ സ്വാമിമാർ മോദിക്കും മറ്റു വിശിഷ്ടാതിഥികൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. 

ചടങ്ങിനു ശേഷം പൊതുസമ്മേളനം. അതു കഴിഞ്ഞു ക്ഷേത്രവളപ്പിലെ‍ ജടായു പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. തുടർന്ന് തൊഴിലാളികളെ ആദരിക്കാനെത്തി. കുട്ടയിൽ പൂക്കളുമായി എത്തിയ അദ്ദേഹം തൊഴിലാളികൾക്കു മേൽ അതു വിതറി. പിന്നീട് കുബേർ തിലയിൽ പ്രാർഥിക്കാൻ പോയി. 

English Summary:

Ayodhya light up with ten lakh lamps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com