കൊറിയൻ രാജ്ഞിയുടെ സ്മാരകം നവീകരിക്കും
Mail This Article
∙അയോധ്യയിൽ രാമകഥാ പാർക്കിലെ കൊറിയൻ രാജ്ഞിയുടെ സ്മാരകം വിപുലീകരിക്കും. കഴിഞ്ഞവർഷം സ്മാരകവും പാർക്കും ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവർത്തന സജ്ജമായിട്ടില്ല.
13–ാം നൂറ്റാണ്ടിലെ കൊറിയൻ രാജ്ഞിയാണു ഹിയോ ഹ്വാങ് ഓക്. അയോധ്യയിൽനിന്നു കൊറിയയിലെത്തിയ രാജകുമാരിയാണ് ഇവരെന്നാണു കരുതപ്പെടുന്നത്.
എഡി 48 ൽ അയോധ്യയിലെ സുരിരത്ന രാജകുമാരി സഹോദരൻ ജംഗ്‌യുവുമൊത്ത് കൊറിയയിലേക്കു കപ്പൽമാർഗം പോയെന്നാണു കരുതുന്നത്. തുടർന്നു കൊറിയൻ രാജാവ് കിം സുറോയെ വിവാഹം ചെയ്തു. അവർക്കുണ്ടായ 12 മക്കളുടെ പിന്മുറക്കാരായി 60 ലക്ഷത്തോളം പേർ ഇപ്പോൾ കൊറിയയിലുണ്ടെന്നാണു കണക്ക്.
2001 ൽ കൊറിയൻ പ്രതിനിധി സംഘമെത്തി അയോധ്യയിലെ നയാഘട്ടിനു സമീപം രാജകുമാരിയുടെ സ്മാരകം സ്ഥാപിച്ചു. 2015 ൽ ഇന്ത്യയും കൊറിയയും തമ്മിലുള്ള ധാരണപ്രകാരം സമീപത്ത് പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചു. 2018 ൽ കൊറിയൻ പ്രസിഡന്റിന്റെ ഭാര്യ കം ജുങ് സൂക് പാർക്കിനു തറക്കല്ലിട്ടു.
21 കോടി രൂപ ചെലവിട്ടു നിർമിച്ച പാർക്കിന്റെ ഒരു വശത്ത് കിം സുറോ രാജാവിന്റെ പ്രതിമയുണ്ട്. രാജകുമാരി അയോധ്യയിൽ നിന്നു കൊണ്ടുപോയെന്നു കരുതുന്ന സ്വർണമുട്ടയുടെ പ്രതീകമായി ഗ്രാനൈറ്റ് കൊണ്ടുള്ള മുട്ടയും പാർക്കിലുണ്ട്. ഫൗണ്ടനുകളും മറ്റും സജ്ജീകരിക്കുന്നതേയുള്ളൂ.