യജമാനരായി 14 ദമ്പതികൾ
Mail This Article
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 14 ദമ്പതികൾകൂടി ഇന്നു പ്രാണപ്രതിഷ്ഠാ ചടങ്ങിൽ യജമാനരായുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായിരിക്കുമെന്നു നേരത്തേ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചിരുന്നു.
രാം കുയി ജെമി (അസം), ഗുരുചരൺ സിങ് ഗിൽ, രാമചന്ദ്ര ഖരാഡി (രാജസ്ഥാൻ), കൈലാഷ് യാദവ്, കവീന്ദ്ര പ്രതാപ് , കൃഷ്ണമോഹൻ, ദിലീപ് വാല്മീകി, അനിൽ ചൗധരി (യുപി), രമേഷ് ജെയിൻ (ബംഗാൾ), അടലരശൻ (തമിഴ്നാട്), വിട്ടൽ റാവു കാംനെ, മഹാദേവ് റാവു ഗെയ്‌ക്‌വാദ് (മഹാരാഷ്ട്ര), ലിംഗരാജ് ബസവരാജ് (കർണാടക), അരുൺ ചൗധരി (ഹരിയാന) എന്നിവരും ഭാര്യമാരുമാണ് പങ്കെടുക്കുക. വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തമുറപ്പിക്കാനാണിത്.
ഒരാഴ്ച നീണ്ട അനുഷ്ഠാനം
പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനത്തിലാണു പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതെന്നു ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു. വിഷ്ണുവിന്റെ പൂജയ്ക്കു പ്രധാനമാണ് ഈ ദിനം. വിധി പ്രകാരമുള്ള അനുഷ്ഠാനങ്ങൾ കഴിഞ്ഞ 16ന് ആരംഭിച്ചിരുന്നു.
വിവിധ വസ്തുക്കൾക്കൊപ്പം വിഗ്രഹം കിടത്തിയുള്ള ‘അധിവാസ’മാണ് മറ്റു യജ്ഞങ്ങൾക്കൊപ്പം നടത്തിയത്. ട്രസ്റ്റ് അംഗവും അയോധ്യാ രാജകുടുംബാംഗവുമായ അനിൽ മിശ്രയും പത്നിയുമായിരുന്നു ഈ ചടങ്ങുകളുടെ യജമാനർ.
പ്രായശ്ചിത്ത പൂജയോടെയാണ് തുടങ്ങിയത്. 17നു മൂർത്തിയെ ക്ഷേത്ര പരിസരത്തേക്കു കൊണ്ടുവന്നു. 18നു തീർഥപൂജ, ജലയാത്ര, ജലാധിവാസം, ഗന്ധാധിവാസം (സുഗന്ധദ്രവ്യങ്ങളിൽ) എന്നിവ നടന്നു. 19ന് ഔഷധാധിവാസം, കസ്തൂരി അധിവാസം, നെയ്യ് അധിവാസം, ധാന്യാധിവാസം എന്നിവയും. 20നു ശർക്കര, വിവിധ ഫലങ്ങൾ, പുഷ്പങ്ങൾ എന്നിവയിലുള്ള അധിവാസമായിരുന്നു; ഇന്നലെ ശയ്യാധിവാസവും.
ഇന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കുശേഷം പ്രതിമയുടെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചു മാറ്റുന്നതോടെ ദർശനത്തിനു തുടക്കമാവും. അചലമൂർത്തിയായ പുതിയ വിഗ്രഹത്തിനു പുറമേ ഉത്സവ മൂർത്തികളായി ഇതുവരെ ആരാധിച്ചിരുന്ന രാംലല്ല, ഭരതൻ, ശത്രുഘ്നൻ, ലക്ഷ്മണൻ എന്നിവരുടെ വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
കാഞ്ചി ശങ്കരാചാര്യർ യാഗശാല സന്ദർശിച്ചു
കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യർ വിജയേന്ദ്ര സരസ്വതി അയോധ്യയിലെത്തി. യാഗശാല സന്ദർശിച്ച അദ്ദേഹം ആശംസകൾ അർപ്പിച്ചു. ഇന്നു പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമോയെന്നു വ്യക്തമല്ല. ശങ്കരാചാര്യന്മാർ പ്രാണപ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കില്ലെന്നു നേരത്തേ പറഞ്ഞിരുന്നു.
10 ലക്ഷം ദീപങ്ങൾ
അയോധ്യയിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിനുള്ള പാസില്ലാത്ത ആരെയും നഗരത്തിലേക്കു പ്രവേശിപ്പിക്കുന്നില്ല. പൂക്കളാലും ദീപങ്ങളാലും അലങ്കരിച്ച നഗരത്തിൽ ഇന്നു വൈകിട്ട് 10 ലക്ഷം ദീപങ്ങൾ തെളിക്കും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുമുണ്ടാവും. 1100 കോടി രൂപ ചെലവിട്ട് ക്ഷേത്രത്തിന്റെ ആദ്യഘട്ടമാണ് പൂർത്തിയായത്. ഒന്നാം നിലയും രണ്ടാം നിലയുമടക്കം 300 കോടി രൂപയുടെ ജോലികൾ കൂടി പൂർത്തീകരിക്കാനുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.