ADVERTISEMENT

51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത്. 5 വയസ്സുള്ള ബാലന്റെ രൂപത്തിലാണ് ശ്രീരാമ സങ്കൽപം. 300 കോടി വർഷം പഴക്കമുള്ള കല്ലിൽനിന്നാണ് കൊത്തിയെടുത്തിരിക്കുന്നതെന്നു ശിൽപി മൈസൂരു സ്വദേശി അരുൺ യോഗി രാജ് പറയുന്നു. 200 കിലോയോളം ഭാരമുണ്ട്.

ആടയാഭരണങ്ങളണിഞ്ഞ വിഗ്രഹത്തിന്റെ ഇടതുകയ്യിൽ വില്ലും അമ്പുമുണ്ടാകും. വിഗ്രഹത്തിന്റെ മുകൾവശത്തു കിരീടത്തിനു മുകളിൽ പരമശിവൻ. രാമനവമി നാളിൽ സൂര്യപ്രകാശം മുകളിൽ പതിക്കുന്ന വിധത്തിലാണു ക്ഷേത്രനിർമിതി.

പ്രഭാമണ്ഡലത്തിൽ (വിഗ്രഹത്തിനു ചുറ്റുമുള്ള ആർച്ച് പോലെയുള്ള ഭാഗം) ഇരുവശത്തും മഹാവിഷ്ണുവിന്റെ ദശാവതാരങ്ങൾ.  ഒരുവശത്തു താഴെ ഭക്തഹനുമാൻ; മറുവശത്തു താഴെ ഗരുഡൻ. ദശാവതാരങ്ങൾക്കു മുകളിൽ ഇരുവശത്തുമായി അശ്വിനി ദേവകൾ, ഓംകാരം, ശംഖ്, ചക്രം, ഗദ, സ്വസ്തിക. വിഗ്രഹം നിൽക്കുന്ന താമരയ്ക്കു കീഴെ ദ്വാരപാലകരായി വിവിധ ദേവതകൾ.

∙ ‘മംഗളധ്വനി’ മുഴക്കാൻ 50 സംഗീതോപകരണങ്ങൾ

അയോധ്യ ∙ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കു മുന്നോടിയായി 50 സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള ‘മംഗളധ്വനി’ ക്ഷേത്ര പരിസരത്തു മുഴങ്ങും. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലാണ് പരമ്പരാഗത വാദ്യോപകരണങ്ങളുപയോഗിച്ചുള്ള പരിപാടി. ചെണ്ടയടക്കമുള്ളവ ഉപയോഗിക്കുന്ന സംഗീതവിരുന്നിനു കവി യതീന്ദ്ര മിശ്ര നേതൃത്വം നൽകും.

ഒരാഴ്ചയിലേറെയായി അയോധ്യ ജില്ല മുഴുവൻ സംഗീതമയമാണ്. ‘രാം ആയേംഗെ’ എന്ന പ്രസിദ്ധമായ ഗാനമടക്കം രാമഭക്തി ഗാനങ്ങൾ സ്പീക്കറുകളിലൂടെ ഒഴുകുന്നു. ജില്ലയിലെ എല്ലാ റോഡുകളിലും ഏതാനും മീറ്റർ അകലത്തിൽ സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ അവതരിപ്പിക്കുന്നുണ്ട്. നൂറുകണക്കിനു കലാകാരന്മാരെയാണ് ഇതിനായി എത്തിച്ചിരിക്കുന്നത്. 

പൊതുജനങ്ങൾക്കു പ്രവേശനമില്ല എന്നറിയിച്ചിട്ടും ആയിരക്കണക്കിനു ഭക്തരാണ് അയോധ്യയിലേക്ക് ഒഴുകിയെത്തുന്നത്. സമീപ നഗരങ്ങളിലെ ഹോട്ടലുകളിൽപോലും മുറി കിട്ടാനില്ലാത്ത സ്ഥിതി. നാളെ പൊതുജനങ്ങൾക്കു പ്രവേശനമനുവദിക്കുമ്പോൾ ദർശനത്തിനെത്താൻ നഗരപരിധിക്കു പുറത്തും ആയിരങ്ങൾ തമ്പടിച്ചിട്ടുണ്ട്. എല്ലാ കെട്ടിടങ്ങൾക്കു മുകളിലും ശ്രീരാമന്റെയും ഹനുമാന്റെയും ചിത്രമുള്ള കാവിക്കൊടികൾ പറക്കുന്നു.

∙ കാഞ്ചി ശങ്കരാചാര്യർ യാഗശാല സന്ദർശിച്ചു

കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യർ വിജയേന്ദ്ര സരസ്വതി അയോധ്യയിലെത്തി. യാഗശാല സന്ദർശിച്ച അദ്ദേഹം ആശംസകൾ അർപ്പിച്ചു. ഇന്നു പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമോയെന്നു വ്യക്തമല്ല. ശങ്കരാചാര്യന്മാർ പ്രാണപ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കില്ലെന്നു നേരത്തേ പറഞ്ഞിരുന്നു.

English Summary:

Ayodhya Ram Temple: Consecration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com