ADVERTISEMENT

ആമോദവും ആവേശവും സമം ചേർന്ന അന്തരീക്ഷത്തിൽ രാമക്ഷേത്രത്തിലെ ‘രാംലല്ല’ ഭക്തർക്കായി കൺതുറന്നു. 84 സെക്കൻഡ് മാത്രം നീണ്ട മുഹൂർത്തത്തിൽ ഇന്നലെ ഉച്ചയ്ക്കു 12.30 നു രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നു. കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായി.

ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും മോദിക്കൊപ്പം അർച്ചനയിലും പൂജയിലും പങ്കെടുത്തു. യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്ത മറ്റുള്ളവർ.

പൂക്കളാൽ അലങ്കരിച്ച് സ്വർണാഭരണ വിഭൂഷിതമായ രാംലല്ല വിഗ്രഹം 12.30നു ദൃശ്യമായി. തുടർന്നു മറ്റു പൂജാകർമങ്ങൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മന്ത്രോച്ചാരണങ്ങളുടെയും കീർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ ആദ്യ ആരതിയുഴിഞ്ഞത്. യജമാനരായി തിരഞ്ഞെടുക്കപ്പെട്ട 14 ദമ്പതികളും ഗർഭഗൃഹത്തിനു പുറത്തിരുന്നു കർമങ്ങളിൽ പങ്കുകൊണ്ടു. പൂജകൾക്കുശേഷം മോദി വിഗ്രഹത്തിനു മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി.

രാജ്യത്തിന്റെ വിവിധ മേഖലകളുടെ പ്രതിനിധികളായി ക്ഷണിക്കപ്പെട്ട എണ്ണായിരത്തോളം അതിഥികൾ ചടങ്ങിനു സാക്ഷികളായി. രാഷ്ട്ര പുനർനിർമാണത്തിനു സ്വയം സമർപ്പിക്കാനുള്ള പുണ്യദിനമാണിതെന്നു ചടങ്ങിനുശേഷം അതിഥികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിന്റെ ഓരോ നിമിഷവും അംശവും രാമനുവേണ്ടിയും രാഷ്ട്രത്തിനു വേണ്ടിയും ഉപയോഗിക്കണമെന്നും 1000 വർഷങ്ങൾക്കപ്പുറത്തെ ഭാരതത്തിന് ആധാരശിലയിടാനുള്ള പ്രതിജ്ഞയെടുക്കണമെന്നും മോദി ആഹ്വാനം ചെയ്തു.

വെള്ളിക്കുടയും ചുവന്ന പട്ടുവസ്ത്രവുമാണു മോദി വിഗ്രഹത്തിൽ സമർപ്പിച്ചത്. 11 ദിവസമായി തുടർന്നിരുന്ന വ്രതം ചടങ്ങിനുശേഷം തീർഥം കുടിച്ച് അവസാനിപ്പിച്ചു. വെള്ളിയിൽ തീർത്ത രാമക്ഷേത്രത്തിന്റെ രൂപവും വലിയ ചിത്രവും മോദിക്കു സമ്മാനിച്ചു.

English Summary:

Ayodhya ram temple inauguration ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com